കൊച്ചി: അപ്രതീക്ഷിത ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിൽ കുസാറ്റ്. മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ 7 മണിക്ക് ഗവ.ഹോസ്പിറ്റലിലും ഗവ.മെഡിക്കൽ കോളേജിലും ആരംഭിക്കും. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ഉടൻ തന്നെ വിദ്യാർത്ഥികളുടെ മൃതദേഹം കുസാറ്റ് കാമ്പസിൽ പൊതുദർശനത്തിന് വെക്കും.
മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശി ഷേബയും ആലപ്പുഴ സ്വദേശി ഗീതാഞ്ജലിയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിക്ക് പൊലീസിന്റെ അനുമതി ഉണ്ടായിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. അനുമതി തേടിയെന്ന് സർവകലാശാലയും അനുമതി തേടിയിരുന്നില്ലെന്ന് പൊലീസും പറയുന്നു. പൊലീസ് ഇന്ന് സംഘാടകരുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ അസ്വാഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസെടുത്തിരുന്നു. രാവിലെ 8 30 ന് രാജീവ്, ബിന്ദു മന്ത്രിമാർ സംഭവസ്ഥലം സന്ദർശിക്കും.
നിലവിൽ 34പേരാണ് ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റവരെ ചികിത്സിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ പി രാജീവും ആർബിന്ദും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.