തിരുവനന്തപുരം: പുതിയ പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 173 പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേരളത്തിന്റെ പാഠ്യപദ്ധതിയും അതിന്റെ തുടര്‍ച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുകയാണെന്നും മന്ത്രി പറഞ്ഞു.
രണ്ട് കോടി ഒന്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. 900 ലധികം വരുന്ന അധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്കരണവുമായി പ്രവര്‍ത്തിച്ചത്. ഒന്നരവര്‍ഷം നീണ്ട പ്രക്രിയായായിരുന്നെന്നും മന്ത്രി പറഞ്ഞു. മലയാള അക്ഷരമാല എല്ലാ പുസ്തകത്തിലും ഉണ്ട്. ഏകകണ്ഠമായാണ് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.ചരിത്രത്തിൽ ആദ്യമായി എല്ലാ പാഠപുസ്തകങ്ങളിലും ആമുഖമായി ഭരണഘടന ഉൾപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധവും പോക്സോ നിയമങ്ങളും അടക്കം പുതുക്കിയ പാഠപുസ്തകങ്ങളിൽ സർക്കാർ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പൗരബോധം, ശാസ്ത്രബോധം, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവയും പാഠ്യ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടുത്തും.
അധ്യാപകർക്ക് പുതിയ പാഠ്യപദ്ധതി സംബന്ധിച്ച് പരിശിലനം നൽകും. സ്പെഷൽ റൂൾ പ്രകാരമാണ് അടുത്ത വർഷം മുതൽ സ്കൂളുകൾ പ്രവർത്തിക്കുക. ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് പുതിയ മാറ്റങ്ങൾ. കേന്ദ്രത്തിന്റെ പുസ്തകങ്ങൾ ഏതെങ്കിലും തരത്തിൽ അംഗീകരിക്കാനാകാത്ത സാഹചര്യമുണ്ടായാൽ സംസ്ഥാനം സ്വന്തമായി പുസ്തകം ഇറക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.2007ലാണ് ഇതിന് മുന്‍പ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. 2013ലും ചില്ലറമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. 10 വര്‍ഷത്തിലേറായി പാഠ്യപദ്ധതിയില്‍ മാറ്റം ഉണ്ടായിട്ടില്ല.
16 വര്‍ഷമായി അറിവിന്റെ മേഖലയില്‍ വന്ന വളര്‍ച്ച, ശാസ്ത്ര സാങ്കേതിക രംഗത്തുന്ന കുതിപ്പ്, വിവര വിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങള്‍, തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും അടിത്തറയാക്കിക്കൊണ്ടുള്ള നവകേരള സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള കേരളീയ അന്വേഷണങ്ങള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം പിന്തുണ നല്‍കേണ്ടതുണ്ട്. വളരെ സമയമെടുത്ത് തികച്ചും ജനകീയമായും സുതാര്യവുമായാണ് പാഠ്യപദ്ധതി പരിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു.