ചെന്നൈ: പുതിയ ക്യാപ്റ്റനു കീഴിൽ ആദ്യ ഐപിഎൽ മത്സരത്തിൽ വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനു വീഴ്ത്തി ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്വാദും അരങ്ങേറ്റം ഗംഭീരമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആർസിബി ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 18.4 ഓവറിലാണ് ചെന്നൈ മറികടന്നത്. കിവീസ് താരം രചിൻ രവീന്ദ്ര (15 പന്തിൽ 37), ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബെ (28 പന്തിൽ 34), രവീന്ദ്ര ജഡേജ (17 പന്തിൽ 25) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനാണ് മാൻ ഓഫ് ദി മാച്ച്.
25 പന്തിൽ 48 റൺസെടുത്ത അനുജ് റാവത്തിന്റെയും 38 റൺസെടുത്ത ദിനേഷ് കാർത്തികിന്റെയും പ്രകടനമാണ് ആർസിബിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 5 വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലായിരുന്നു ബെംഗളൂരു. 95 റൺസ് നേടിയ ഇരുവരുടെയും കൂട്ടുകെട്ടാണ് മികച്ച ടോട്ടലിലേക്ക് ബെംഗളൂരുവിനെ എത്തിച്ചത്. ഡുപ്ലെസിസ് 35 റൺസെടുത്തപ്പോൾ വിരാട് കോഹ്ലി 21 റൺസുമായി മടങ്ങി. ചെന്നൈക്കു വേണ്ടി സമീർ റിസ്വി അരങ്ങേറ്റം കുറിച്ചു. ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മഹീഷ് തീക്ഷണ, മുസ്തഫിസുർ റഹ്മാൻ എന്നിവരാണ് ഇന്നലത്തെ മത്സരത്തിൽ ചെന്നൈയുടെ വിദേശ താരങ്ങൾ. മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.
17–ാം സീസണിന്റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് വർണാഭമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എ.ആർ.റഹ്മാൻ, സോനു നിഗം എന്നിവർ അവതരിപ്പിച്ച സംഗീതനിശയോടെയാണു പരിപാടികൾ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷിറോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നടന്നു.