തിരുവനന്തപുരം : ഗള്‍ഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായി ചര്‍ച്ച നടത്തി.
ഉത്സവ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. കേന്ദ്രഷിപ്പിംഗ് മന്ത്രിയുമായുള്ള ചർച്ചയിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍എസ് പിള്ള എന്നിവരും പങ്കെടുത്തു.