കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡോയിൽ, വാതക പര്യവേക്ഷണത്തിന് ബ്രിട്ടീഷ് കമ്പനി വരുന്നു. കൊല്ലത്തും കൊച്ചിയിലും ഉൾപ്പെടെ 19 ബ്ലോക്കുകളിൽ ഇന്ധന സാന്നിദ്ധ്യമുണ്ടെന്ന സംശയത്തെ തുടർന്നാണ് വീണ്ടും പരിശോധന നടത്തുന്നത്. കൊല്ലം മേഖലയിൽ പര്യവേക്ഷണത്തിനുള്ള ടെൻഡർ ലഭിച്ചിട്ടുള്ളത് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യക്കാണ്. ബ്രിട്ടീഷ് കമ്പനിയായ ഡോൾഫിൻ ഡ്രില്ലിംഗുമായി 1,287 കോടി രൂപയുടെ കരാറിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. ഈ വർഷം മധ്യത്തോടെ പര്യവേക്ഷണം ആരംഭിച്ചേക്കുമെന്നാണ് വിവരം.
നിലവിൽ ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വിദേശനാണ്യത്തിന്റെ മുഖ്യപങ്കും ക്രൂഡോയിലിന് വേണ്ടി ചെലവിടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ആഭ്യന്തരമായി കൂടുതൽ എണ്ണശേഖരം കണ്ടെത്തിയാൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും.
കേരള-കൊങ്കൺ മേഖല, ആന്ധ്രയുടെ തീരപ്രദേശം എന്നിവിടങ്ങളിലാണ് ക്രൂഡോയിൽ, വാതക ശേഖരമുണ്ടെന്ന് സംശയിക്കുന്നത്. നേരത്തേ കൊച്ചിയിലും കൊടുങ്ങല്ലൂർ മേഖലയിലും പ്രാരംഭ പര്യവേക്ഷണങ്ങൾ നടന്നിരുന്നെങ്കിലും പിന്നീട് മുന്നോട്ട് പോയില്ല. ഏതാനും വർഷംമുമ്പ് കൊല്ലത്തെ ആഴക്കടലിൽ ഓയിൽ ഇന്ത്യ പര്യവേക്ഷണം നടത്തിയിരുന്നു. ഇതിന്റെ തുടർ നടപടിയെന്നോണമാണ് ബ്രിട്ടീഷ് കമ്പനിയുമായി ചേർന്ന് വീണ്ടും പര്യവേക്ഷണം നടത്തുന്നത്.