ന്യൂഡല്‍ഹി : പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് മുംബൈയില്‍ തുടങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളിലായിട്ടാണ് യോഗം. ഇന്ത്യ മുന്നണിയുടെ മൂന്നാം സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്.
പൊതു മിനിമം പരിപാടി, ഉപസമിതി രൂപീകരണം, ലോഗോ പ്രകാശനം, കണ്‍വീനറെ തെരഞ്ഞെടുക്കല്‍ തുടങ്ങിയവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുംബൈ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് യോഗം. ലോഗോ പ്രകാശനം നാളെ നടക്കും. എന്‍സിപി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ആതിഥ്യമരുളുന്ന യോഗത്തില്‍, 28 പ്രതിപക്ഷ പാര്‍ട്ടികളുടെ 63 നേതാക്കള്‍ പങ്കെടുക്കുമെന്ന് മഹാവികാസ് അഖാഡി നേതാക്കളായ ശരദ് പവാറും ഉദ്ധവ് താക്കറെയും അറിയിച്ചു.
‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നതിലും കണ്‍വീനര്‍ സ്ഥാനം ആര്‍ക്ക് എന്നതിലും ചര്‍ച്ചകള്‍ ഉണ്ടാകും. കണ്‍വീനറായി നിതീഷ് കുമാര്‍, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും പദവിയേറ്റെടുക്കാന് ഇരുവരും തയ്യാറല്ലെന്നാണ് പറയുന്നത്. കണ്‍വീനര്‍ തല്ക്കാലം വേണ്ടെന്നാണ് ഇടത് പാര്‍ട്ടികളുടെ നിലപാട്. ഇന്ത്യയുടെ മുംബൈ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നും, താന്‍ പങ്കെടുക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വ്യക്തമാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമാറ്റത്തിനുള്ള ശക്തമായ ബദല്‍ മുംബൈ യോഗത്തില്‍ ഉരുത്തിരിയുമെന്ന് ശരദ് പവാര്‍ പറഞ്ഞു.