തിരുവനന്തപുരം: കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. സുരക്ഷ ഒരുക്കാനുള്ള കമാന്‍ഡോ സംഘം രാജ്ഭവനില്‍ എത്തി. ഇഡസ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഇന്ന് ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര തീരുമാനം എത്തിയത്. എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എഫ്ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ സ്വീകരിച്ച നിലപാടില്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.