ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ബിജാപുരിൽ 2021 ഏപ്രിലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫിലെ 23 ഭടൻമാരിൽ 4 ജവാൻമാർക്ക് കീർത്തിചക്ര പുരസ്കാരം. ഇൻസ്പെക്ടർ ദിലീപ് കുമാർ ദാസ്, ഹെഡ് കോൺസ്റ്റബിൾ രാജ്കുമാർ യാദവ്, കോൺസ്റ്റബിൾമാരായ ബബ്ലു രാഭ, ശംഭു റോയ് എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി പുരസ്കാരം പ്രഖ്യാപിച്ചത്.
കരസേനാംഗങ്ങളായ 9 പേരടക്കം 11 പേർക്കു ശൗര്യചക്ര പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് പേർക്ക് മരണാനന്തര ബഹുമതിയാണ്. രണ്ടു പേർക്ക് രണ്ടാം തവണയാണ് ബഹുമതി.മലയാളികളായ മേജർ രഞ്ജിത് കുമാർ (രാഷ്ട്രീയ റൈഫിൾസ്), മേജർ സന്തോഷ് കുമാർ(ഗൂർഖ റൈഫിൾസ്) എന്നിവർ അടക്കം കരസേനയിലെ 52 പേർക്കും നാവിക സേനയിലെ മൂന്നുപേർക്കും മലയാളി സ്ക്വാഡ്രൺ ലീഡർ ജി.എൽ. വിനീത് അടക്കം വ്യോമസേനയിലെ നാലുപേർക്കും ധീരതയ്ക്കുള്ള അവാർഡുകൾ ലഭിച്ചു.
ഓപ്പറേഷൻ രക്ഷക്കിൽ പങ്കെടുത്ത ആർമി ഏവിയേഷൻ സ്ക്വാഡ്രണിലെ മലയാളി ലെഫ്റ്റനന്റ് കേണൽ ജിമ്മി തോമസ് അടക്കം വിവിധ സൈനിക ഓപ്പറേഷനുകളിൽ പങ്കെടുത്ത 30 പേർക്ക് മെഡൽ ലഭിച്ചു. സൈനിക ഓപ്പറേഷനിടെ വീരമൃത്യു വരിച്ച കരസേന 21-ാം നായ സ്ക്വാഡ് യൂണിറ്റിലെ മധു എന്ന നായയ്ക്ക് മരണാനന്തര ബഹുമതിയായി മെഡൽ പ്രഖ്യാപിച്ചു.