തിരുവന്തപുരം : നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. 24-ാം തീയതി വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആള്‍ക്കൂട്ട നിയന്ത്രണം നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. മൂന്നു സാമ്പിളുകളാണ് ഇന്നലെ അറിയിച്ചതുപോലെ പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. 30ന് മരിച്ചയാളുടെ 9 വയസ്സുള്ള കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിക്കു വേണ്ടി മോണോക്ലോണല്‍ ആന്റബോഡി ഇന്നെത്തും.
സമ്പര്‍ക്ക പട്ടികയും കോണ്ടാക്ട് ലിസ്റ്റും തയ്യാറായി വരുന്നു. റൂട്ട് മാപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഇതുവരെ 706 രപേരാണ് കോണ്ടാക്ട് ലിസ്റ്റിലുള്ളത്. 77 പേര് ഹൈറിസ്ക് കോണ്ടാക്ട് ലിസ്റ്റിലാണ്. ഇതില്‍ 153 ആരോഗ്യപ്രവര്‍ത്തകരുണ്ട്. ഹൈറിസ്ക് കോണ്ടാക്ട് ആളുകളെ വീടുകളില്‍ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.
കണ്ടെയിന്മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ ടീം സജ്ജീകരിക്കും. വോളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് നല്‍കും. ഐസൊലേഷനില്‍ കഴിയുന്നവരെ വൊളണ്ടിയര്‍മാര്‍ സഹായിക്കും. ഐസൊലേഷന്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മെഡിക്കല്‍ കോളജിലേക്ക് പോയാല്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു.