ന്യൂഡൽഹി: ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം. 10 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസ് മൂന്നും സമാജ്വാദി പാർട്ടി രണ്ടും സീറ്റുകൾ നേടി.
ഇതോടെ ആകെ 56 രാജ്യസഭാ സീറ്റുകളിൽ 30ലും ബി.ജെ.പി ജയിച്ചു. 20 സീറ്റുകളിൽ നേരത്തെ പാർട്ടി സ്ഥാനാത്ഥികൾ എതിരില്ലാതെതിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രോസ് വോട്ടിംഗ് ആണ് നടന്നത്. യു.പിയിൽ സമാജ്വാദി പാർട്ടി, ഹിമാചലിൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിക്കും കർണാടകയിൽ ബി.ജെ.പി എം.എൽ.എ കോൺഗ്രസിനും വോട്ടു ചെയ്തു. ഹിമാചലിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി പാർട്ടി സ്ഥാനാർത്ഥിയും ദേശീയ വക്താവുമായ മനു അഭിഷേക് സിംഗ്വിയെ അട്ടിമറിച്ച് ബി.ജെ.പിയുടെ ഹർഷ് മഹാജൻ ജയിച്ചു. യു.പിയിൽ പത്തു സീറ്റിൽ എട്ടിലും ബി.ജെ.പിയും രണ്ടിൽ സമാജ്വാദിയും ജയിച്ചു. കർണാടകയിൽ കോൺഗ്രസിന് മൂന്നും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു.