തിരുവനന്തപുരം: അത്തം അടുക്കും മുൻപേ അതിർത്തിക്കപ്പുറത്ത് നിന്നുള്ള പൂവരവ് കുറഞ്ഞു. മലയാളികളുടെ ഓണപ്പൂ വസന്തത്തിന് പൊലിമ കൂട്ടാൻ തമിഴ്നാട്,കർണാടക,ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന പൂക്കൾ അവിടെ മോശം കാലാവസ്ഥ കാരണം വിളവെടുപ്പ് കുറഞ്ഞതാണ് തിരിച്ചടിയായത്.
കേരളത്തിലെ പൊന്നോണം ലക്ഷ്യം വച്ച് അന്യസംസ്ഥാനങ്ങളിൽ കയറ്റുമതിക്കായി കൃഷി ചെയ്ത പൂപ്പാടങ്ങളിൽ വേണ്ടത്ര മഴ ലഭിക്കാത്തതും ഇന്ധന വില കുത്തനെ കയറിയതും പൂ വ്യാപാര രംഗത്ത് വൻ തിരിച്ചടിയായി. കേരളത്തിലേക്ക് കയറ്റുമതി ചെയ്യുന്ന പൂപ്പാടങ്ങളായ തോവാള, മുപ്പന്തൽ,കർണാടകത്തിലെ ഓസുർ തുടങ്ങിയ പാടങ്ങളിൽ ഇക്കുറി കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം മാത്രമേ പൂ കൃഷി നടത്താനായുള്ളൂ. ഇത് കേരളത്തിലെ ഉത്സവകാലത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.