ജിദ്ദ: സൗദി ലീഗില്‍ അല്‍ ശബാബിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ അശ്ചീല ആംഗ്യത്തിനെതിരെ നടപടിയെടുത്ത് സൗദി ഫുട്ബോള്‍ ഫെഡറേഷന്. റൊണാള്‍ഡോയെ ഒരു മത്സരത്തില്‍ വിലക്കാനും 30,000 സൗദി റിയാല്‍ പിഴയീടാക്കാനും തീരുമാനിച്ചു. മത്സരത്തിനിടെ ആരാധകര്‍ മെസ്സിയെന്ന് വിളിച്ചതാണ് താരത്തിന്റെ പ്രകോപനത്തിന് കാരണം. അല്‍നാസര്‍ താരമായ ക്രിസ്റ്റ്യാനോക്കെതിരെ നടപടിയുണ്ടാകില്ലെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. മത്സരത്തില്‍ അല്‍നാസര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.
അല്‍ ഷബാബിന്റെ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ക്രിസ്റ്റ്യാനോ നിഷേധിച്ചു. താന്‍ വിജയം ആഘോഷിച്ചതാണെന്നും അത് ഒരു ക്ലബ്ബിനുമെതിരല്ലെന്നുമാണ് താരത്തിന്റെ വിശദീകരണം. സൗദി ഫുട്ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരെ അല്‍ നാസര്‍ അപ്പീലിന് മുതിര്‍ന്നിട്ടില്ല.