റിയാദ് : ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ കളംനിറഞ്ഞു കളിച്ച ദിനത്തിൽ അൽനസ്റിന് ഗംഭീര വിജയം. സൗദി പ്രോ ലീഗിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളിനാണ് അൽഅഹ്ലിയെ ടീം കീഴടക്കിയത്. നസ്റിനു വേണ്ടി ടാലിസ്ക മറ്റു രണ്ട് ഗോൾ കണ്ടെത്തിയപ്പോൾ ഫ്രാങ്ക് കെസ്സി, റിയാസ് മഹ്റെസ്, ഫെറാസ് അൽബ്രികാൻ എന്നിവരാണ് അൽഅഹ്ലിക്കു വേണ്ടി ലക്ഷ്യംകണ്ടത്.
ഇരു ഹാഫിന്റെയും തുടക്കത്തിൽ തന്നെ ഗോൾവല നിറച്ചാണ് ക്രിസ്റ്റിയാനോ അൽ നസ്റിന്റെ പോരാട്ടം നയിച്ചത്. നാലാം മിനിറ്റിൽ തന്നെ സൂപ്പർ താരം ടീമിന്റെ അക്കൗണ്ട് തുറന്നു. സാദിയോ മാനെ നൽകിയ അസിസ്റ്റിൽനിന്നു തൊടുത്ത ഇടങ്കാലൻ ഷോട്ട് അഹ്ലിയുടെ പോസ്റ്റ് തുളച്ചുകയറി. അധികം വൈകാതെ ബ്രസീലിയൻ മുന്നേറ്റനിര താരം ടാലിസ്കയുടെ ഗോളുമെത്തി. 17-ാം മിനിറ്റിൽ ലപോർട്ടെയുടെ അസിസ്റ്റിൽ പെനാൽറ്റി ബോക്സിനടുത്തുനിന്ന് ഗോൾവലയിലേക്ക് തൊടുത്തു താരം. അൽനസ്ർ-2, അൽഅഹ്ലി-0.
ഇതിനുശേഷം ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ 30-ാം മിനിറ്റ് വരെ അഹ്ലിക്കു കാത്തിരിക്കേണ്ടിവന്നു. അൽമജാദിന്റെ അസിസ്റ്റിൽ മുൻ ബാഴ്സലോണ മധ്യനിര താരം ഫ്രാങ്ക് കെസ്സിയാണ് അഹ്ലിയുടെ ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ, ആദ്യ പകുതിയിൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം കിടിലൻ ഗോളുമായി ടാലിസ്ക വീണ്ടും അഹ്ലിയെ ഞെട്ടിച്ചു.
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ അഹ്ലിക്ക് രണ്ടാം ഗോൾ. 50-ാം മിനിറ്റിൽ തുറന്നുകിട്ടിയ പെനാൽറ്റി അവസരം മുതലെടുത്ത് സൂപ്പർ താരം റിയാദ് മഹ്റെസ് ആണ് അൽനസ്റിന്റെ വല കുലുക്കിയത്. ആശ്വസിക്കാൻ നിന്ന അഹ്ലിയെ വീണ്ടും സ്തബ്ധരാക്കി രണ്ട് മിനിറ്റിനകം ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോൾ. മാനെ നീട്ടിനൽകിയ പാസ് കിറുകൃത്യം പോസ്റ്റിലാക്കി ക്രിസ്റ്റിയാനോ നസ്റിന്റെ നാലാം ഗോൾ കുറിച്ചു.
വാശി മുറുകിയ മത്സരത്തിൽ മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെ ഗോൾ മടക്കി മത്സരത്തിലേക്കു തിരിച്ചുവരാനുള്ള നീക്കം നടത്തി അഹ്ലി. പകരക്കാരനായി എത്തിയ ഫെറാസ് അൽബ്രികാൻ ആണ് ഇത്തവണ ലക്ഷ്യംകണ്ടത്. എന്നാൽ, പിന്നീടങ്ങോട്ട് നസ്റിന്റെ പ്രതിരോധം ഭേദിച്ച് ഗോൾവല നിറക്കാനുള്ള അഹ്ലിയുടെ നീക്കമൊന്നും ഫലംകണ്ടില്ല.
ലീഗിൽ തുടർച്ചയായി നാലാം മത്സരമാണ് അൽനസ്ർ വിജയിക്കുന്നത്. സീസണിലെ ആദ്യ രണ്ടു മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനുശേഷമായിരുന്നു ടീം വിജയവഴിയിൽ തിരിച്ചെത്തിയത്. ഇന്നലത്തെ വിജയത്തോടെ സൗദി പ്രോലീഗിൽ അൽഅഹ്ലിക്കൊപ്പം അഞ്ചാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോയുടെ സംഘം.