ന്യൂഡല്‍ഹി : ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി തുടരുന്നു. ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി അസംതൃപ്തരാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും അയോഗ്യനാക്കപ്പെട്ട വിമത എംഎല്‍എ രജീന്ദര്‍ റാണ പറഞ്ഞു. മുഖ്യമന്ത്രി സുഖ് വീന്ദര്‍ സുഖുവിന്റെ ഇടപെടലുകളില്‍ മനംമടുത്തവരാണ് ഒമ്പതുപേരെന്നും റാണ വ്യക്തമാക്കി.
മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖുവിന് ഇടുങ്ങിയ മനസ്സാണ്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ അനുയായികളെ പൊലീസ് വേട്ടയാടുകയാണ്. കച്ചവടം നടത്തിയിരുന്നവരുടെ കച്ചവടം പൂട്ടി. അവരെ പിന്തുണയ്ക്കുന്നവര്‍ക്കു മേല്‍ പലവിധ സമ്മര്‍ദങ്ങളും ചെലുത്തുകയാണെന്നും രജീന്ദര്‍ റാണ ആരോപിച്ചു.
സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തങ്ങള്‍ക്കെതിരെ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ നടപടിയെടുത്തത്. ഏകപക്ഷീയമായി അയോഗ്യരാക്കാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും രജീന്ദര്‍ റാണ പറഞ്ഞു. കൂറുമാറി ബിജെപിക്ക് വോട്ടു ചെയ്തതിന് കോണ്‍ഗ്രസ് എംഎല്‍എമാരായ സുധീര്‍ ശര്‍മ, രജീന്ദര്‍ റാണ, ദേവീന്ദര്‍ കെ ഭൂട്ടോ, രവി താക്കൂര്‍, ചൈതന്യ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്പാല് എന്നിവരെയാണ് അയോഗ്യരാക്കിയത്.
അതേസമയം സ്പീക്കര്‍ അയോഗ്യരാക്കിയ ആറ് എംഎല്‍എമാരെയുംമ തിരിച്ചെടുക്കണമെന്ന നിലപാടിലാണ് മന്ത്രി വിക്രമാദിത്യ സിങ്. വിമത എംഎല്‍എമാരെ ഹരിയാനയിലെത്തി വിക്രമാദിത്യ സിങ് കണ്ട് ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നം വീണ്ടും പുകയുന്നത് കണക്കിലെടുത്ത് കേന്ദ്ര നിരീക്ഷകര്‍ പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കായി വീണ്ടും ഹിമാചലിലെത്തിയേക്കും.