കോഴിക്കോട് : കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നത് എന്നാണ് ഗവർണർ വിമർശിച്ചത്.
മുഖ്യമന്ത്രി സ്പോൺസർ ചെയ്യുന്ന അതിക്രമമാണ് ക്യാമ്പസിനുള്ളിൽ അരങ്ങേറുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും ഗവർണർ പറഞ്ഞു. ക്യാംപസിലെ എസ്എഫ്ഐ പ്രതിഷേധം കണ്ടില്ലെന്നും ഗവർണർ പരിഹസിച്ചു.
കാറിനു സമീപത്തേക്കു വന്നാൽ പുറത്തിറങ്ങുമെന്നാണ് പറഞ്ഞത്. പ്രതിഷേധക്കാർ കാറിന് സമീപത്തേക്കു വന്നാൽ ഇനിയും പുറത്തിറങ്ങും. ഔദ്യോഗിക വാഹനത്തിൽ തട്ടാൻ ആരെയും അനുവദിക്കില്ല. എസ്എഫ്ഐടെ പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല.- ഗവർണർ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നിന്ന് വൈകിട്ട് ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ, 7.15 ഓടെയാണ് സർവകലാശാലയിലെത്തിയത്. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ അകത്തുകയറ്റില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ് കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഗവർണർ അകത്തു പ്രവേശിച്ചത്. സർവകലാശാലയുടെ കവാടത്തിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം തുടരുകയാണ്.