ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തി കുടുക്കിലായ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബു സംസ്ഥാന പൊലീസ് സംവിധാനത്തിലെ ജീര്‍ണ്ണതയുടെ അവസാനത്തെ ഉദാഹരണമാണ്. അതിലുപരി ഇത്തരം നിരവധി സാബുമാര്‍ പൊലീസ് വകുപ്പിലെ വിവിധ തലങ്ങളില്‍ ഇപ്പോഴും പിടിക്കപ്പെടാതെ വിരാജിക്കുന്നുണ്ടന്നതാണ് നമ്മളെ ഭയപ്പെടുത്തേണ്ടത്.
എന്ത് കൊണ്ടായിരിക്കും ഇവര്‍ പിടിക്കപ്പെടാതെ വിഹരിക്കുന്നത്. കേരളത്തിലെ ഓരോ പൊലിസ് ഓഫീസറെക്കുറിച്ചും കൃത്യമായ രഹസ്യന്വേഷണ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ മുമ്പിലിരുന്നിട്ടും ഗുണ്ടകളുടെ ‘കട്ടച്ചങ്കുകളായി’ വിലസുന്ന പൊലീസ് ഓഫീസര്‍മാരെ തൊടാന്‍ പറ്റാത്തത് എന്ത് കൊണ്ടായിരിക്കും. വിരമിക്കാന്‍ നാല് ദിവസം ഉള്ളപ്പോഴാണ് എംജി സാബു എന്ന പൊലീസ് ഉദ്യോഗസ്ഥന് കുടുങ്ങിയത്. അപ്പോള്‍ ഇയാള്‍ സര്‍വ്വീസിലിരുന്ന കാലത്ത് ക്രിമിനലുകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ഗുണ്ടകള്ക്കുമെല്ലാം കണ്‍കണ്ട ദൈവമായിരുന്നിരിക്കും. അതുകൊണ്ട് അവരില്‍ നിന്നും ലഭിച്ച കൈക്കൂലിയും കാഴ്ചദ്രവ്യങ്ങളും എത്രത്തോളമായിരിക്കും. അങ്ങിനെ സര്‍വ്വീസിലുടനീളം ലഭിച്ചതിന്റെ നന്ദി അവിടെ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ പ്രകാശിപ്പിക്കാന്‍ തുനിഞ്ഞതാണ് സാബുവിനെ കുടുക്കിയത്.
കേരളത്തിലെ പൊലീസ് സമ്പൂര്‍ണ്ണമായും രാഷ്ട്രീയവല്ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നതിന്റെ ബാക്കി പത്രമാണ് നിലവിലെ ഗുണ്ടാവാഴ്ച. ഗുണ്ടകളെ പിടികൂടാന്‍ ഓപ്പറേഷന് ആഗ് എന്നൊരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടും വലിയ ഫലമൊന്നുമുണ്ടായില്ല. ക്രിമിനലുകള്‍ പൊലീസിനെ നിരന്തരം ആക്രമിക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് ഓപ്പറേഷന് ആഗിന് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. പക്ഷെ പൊലീസില്‍ നിന്നും വിവരങ്ങള്‍ ചോരുന്നതിനാല്‍ പലപ്പോഴും ഗുണ്ടകള്‍ പിടിയിലാകാറില്ല. പലരും സംസ്ഥാനം വിടുകയും ചെയ്തു. പൊലീസിലെ ക്രിമിനല്‍ ബന്ധമുള്ള ഉദ്യോഗസ്ഥരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് നിർദ്ദേശിച്ചിട്ടും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല.
കേരളത്തില്‍ നോണ്‍- ഐപിഎസ് തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരില്‍ നിരവധി പേര്‍ക്ക് ക്രിമിനല്‍ ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരം രഹസ്യന്വേഷണ വകുപ്പ് തന്നെ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. പണ്ടൊക്കെ പൊലീസില്‍ നിര്‍ണ്ണായ റോളുള്ളയളാണ് ഡിജിപി ഇന്റലിജന്‍സ്. എന്നാല്‍ ഇപ്പോള്‍ ആ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേര് പോലും ആര്‍ക്കും അറിയില്ലന്നതാണ് വസ്തുത. ഇന്റലിജന്‍സ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അവരുടെ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെയും ഡിജിപി ലോ ആന്റ് ഓര്‍ഡറിന്റെയും ഓഫീസ് കൃത്യമായി ഫോളോ ചെയ്താല്‍ ഏതാണ്ട് 75 ശതമാനത്തിലധികം സംഘടിത ക്രിമിനല്‍ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാന്‍ കഴിയും.
എന്നാല്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ പോരായ്മയും രാഷ്ട്രീയനേതൃത്വത്തിന്റെ കഴിവുകേടും കൂടെയാകുമ്പോള്‍ ക്രമസമാധാന തകര്‍ച്ച പൂര്‍ണ്ണമാകും. കേരളത്തില്‍ ഇപ്പോള്‍ കാണുന്നതും അതാണ്. ഗുണ്ടകളുടെ ആഘോഷമായ കൂടിച്ചേരലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. എന്നിട്ടും പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നുവെന്ന പരാതി ഉയരുകയും ചെയ്യുന്നു. ജൂണ്‍ പത്തിന് നിയമസഭ ചേരും മുമ്പ് കുറെ ഗുണ്ടകളെ പിടിച്ച് അകത്താക്കാനായിരുന്നു ഓപ്പറേഷന് ആഗ് എന്ന പദ്ധതി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ അത് നടന്നുകൊണ്ടിരിക്കെത്തന്നെ ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന് ഗുണ്ടകളുടെ വിരുന്നിനെത്തിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും ആഭ്യന്തര വകുപ്പിന് ഈ സംഭവം നാണക്കേടായി.
സിപിഎം പ്രദേശിക കമ്മിറ്റികളും ജില്ലാക്കമ്മിറ്റികളും നല്കുന്ന ലിസ്റ്റനുസരിച്ചാണ് പലപ്പോഴും നോണ്‍ ഐപിഎസ് കേഡറിലെ ഓഫീസര്‍മാരുടെ നിയമനം നടക്കുന്നത്. അതുകൊണ്ട് പ്രാദേശിക സിപിഎം നേതാക്കളും എസ് ഐ – സിഐ- ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും തമ്മില്‍ പലയിടത്തും അവിശുദ്ധ ബന്ധം രൂപപ്പെടും. സിപിഎം ഭരിക്കുമ്പോള്‍ മാത്രമല്ല യുഡിഎഫ് ഭരിക്കുമ്പോഴും ഇതുണ്ടായിരുന്നു. ഇത്തരം രാഷ്ട്രീയബന്ധങ്ങള്‍ ഓഫീസര്‍മാർക്ക് സംരക്ഷണവലയമൊരുക്കും. സസ്പെന്‍ഷനില്‍ പോയാലും ആറ് മാസം പുറത്ത് നിന്ന് മറ്റൊരു ലാവണത്തിലേക്ക് തിരിച്ചുവരാമെന്ന ധൈര്യം കളങ്കിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് രാഷ്ട്രീയ മേലാളന്മാരാണ്. രാഷ്ട്രീയ നേതൃത്വത്തിന് പലപ്പോളും ഗുണ്ടാ സംഘങ്ങളുടെ സഹായം ആവശ്യമായി വരും. രാഷ്ട്രീയ നേതൃത്വവും പൊലീസും ഗുണ്ടകളും ചേര്‍ന്ന അവിശുദ്ധ സഖ്യമാണ് പലപ്പോഴും പ്രാദേശിക തലത്തില്‍ മിക്കവാറും കാര്യങ്ങള്‍ തീരുമാനിക്കുക. ഭരണത്തിലുളള മുന്നണിയോ പാര്‍ട്ടിയോ മാറി വന്നാലും ഇത്തരം കീഴ്വഴക്കങ്ങള്‍ക്ക് മാറ്റമൊന്നും ഉണ്ടാകാറില്ല.
ക്രിമിനല്‍ സംഘങ്ങളെ ഒതുക്കുവാന്‍ പൊലീസിന് കഴിയാത്തത് രണ്ട് കാര്യം കൊണ്ടാണ്. സാമൂഹ്യവിരുദ്ധരായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്താന്‍ കഴിയുന്നില്ലന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് ഇത്തരം സംഘങ്ങള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ രക്ഷകര്‍തൃത്വം. ഇതു രണ്ടും അവസാനിച്ചാലേ ഏത് തരത്തിലുള്ള സാമൂഹ്യ വിരുദ്ധ ശക്തികളെയും അമര്‍ച്ച ചെയ്യാന്‍ കഴിയൂ