കല്‍പ്പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മുന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പാലക്കാട് നര്‍കോട്ടിക് വിഭാഗം ഡിവൈഎസ്പിയുമായ ആര് മനോജ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കെ സുരേന്ദ്രന് ഒന്നാം പ്രതിയാക്കിയും സികെ ജാനുവിനെ രണ്ടാംപ്രതിയാക്കിയുമാണ് കുറ്റപത്രം. ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ മലവയലാണ് മൂന്നാം പ്രതി. 83 സാക്ഷികളാണ് കേസിലുള്ളത്. 62 രേഖകള്‍ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ദൃക്സാക്ഷികളില്ല. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടുവര്‍ഷവും നാലുമാസവും കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് 40 ലക്ഷം രൂപയും നല്‍കിയെന്നുമായിരുന്നു പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്‍കിയത്. കേസിന്റെ വിചാരണ രണ്ടുമാസത്തിനുള്ളില്‍ തുടങ്ങുമെന്നാണ് വിവരം.