വയനാട്: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യൽ. സുരേന്ദ്രനു പുറമേ സി.കെ. ജാനു, ബി.ജെ.പി. നേതാവ് പ്രശാന്ത് മലവയൽ എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് കെ. സുരേന്ദ്രൻ 40 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ മുൻ ട്രഷറർ പ്രസീത അഴീക്കോട് ഇക്കാര്യങ്ങൾ ആരോപിച്ച് ഫോൺ സംഭാഷണം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷം നടത്തിയ ഫോറൻസിക് പരിശോധനയിൽ ഫോൺ സംഭാഷണത്തിലെ ശബ്ദം കെ. സുരേന്ദ്രന്റെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സുരേന്ദ്രനു പുറമേ സി.കെ. ജാനു, പ്രസീത അഴിക്കോട്, ബി.ജെ.പി. നേതാവ് പ്രശാന്ത് മലവയൽ എന്നിവരുടെ ശബ്ദവും സ്ഥിരീകരിച്ചിരുന്നു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. കോഴക്കേസ് വിവാദമായതോടെ ജില്ലയിലെ ബി.ജെ.പിക്കുള്ളിൽ അഭിപ്രായഭിന്നതയും ഉടലെടുത്തിരുന്നു. സി.കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതിൽ 1.50 കോടി രൂപമാത്രം ചെലവഴിച്ചെ – ന്നാണ് കണ്ടെത്തിയതെന്നും പറയുന്നു. മുൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും നിലവിൽ പാലക്കാട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി.യുമായ ആർ. മനോജ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.