കൊച്ചി : മോൻസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തീക തട്ടിപ്പ് കേസിൽ കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ ഇരുമ്പനം കാട്ടേത്തുവീട്ടിൽ എബിൻ എബ്രഹാമിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കും. ഇയാൾക്ക് കേസിലുള്ള പങ്കാളിത്തത്തെപ്പറ്റിയുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
പരാതിക്കാരായ അനൂപ് മുഹമ്മദിനെയും എം ടി ഷെമീറിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈറ്റില എമറാൾഡ് ഹോട്ടലിൽ 2021 നവംബർ മൂന്നിനായിരുന്നു കൂടിക്കാഴ്ച. ഷെമീറിനെ പലതവണ വാട്സാപ്പിൽ ഫോൺ ചെയ്താണ് കൂടിക്കാഴ്ചയ്ക്ക് തീയതി തീരുമാനിച്ചത്. പണം ഉൾപ്പെടെ എന്തും നൽകാമെന്നായിരുന്നു വാഗ്ദാനം. ലക്ഷദ്വീപിൽ നിർമാണക്കരാർ തരപ്പെടുത്തി നൽകാമെന്നും പറഞ്ഞു. എന്നാൽ, അനൂപും ഷെമീറും വാഗ്ദാനം നിരസിച്ചു. കേസിലെ സാക്ഷി അജിത്തിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.
മോൻസണിന്റെ ജീവനക്കാരനിൽനിന്ന് എബിൻ പണം കൈപ്പറ്റിയതിനും തെളിവുണ്ട്. മോൻസണിന്റെ പേഴ്സണൽ മേക്കപ്പ്മാനും പോക്സോ കേസിലെ ഒന്നാംപ്രതിയുമായ കെ ജെ ജോഷിയിൽനിന്നാണ് പണം വാങ്ങിയത്.
ഇരുമ്പനം സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എബിൻ എബ്രഹാമാണ് സുധാകരനെ മോൻസണുമായി പരിചയപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇയാൾ തന്റെ പിഎ ആണെന്ന് സുധാകരൻതന്നെ വ്യക്തമാക്കുന്ന തെളിവുകളും കിട്ടി. മോൻസണിൽനിന്ന് ഇയാൾ വൻതുക കൈപ്പറ്റിയതിന്റെ ബാങ്ക് അക്കൗണ്ട് രേഖകളും ലഭിച്ചിരുന്നു.