കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം. മോന്സന് മാവുങ്കല്‍ ഒന്നാം പ്രതിയാണ്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു ദിവസം മുൻപാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ മൂന്നുപേർ മാത്രമാണു പ്രതികളായുള്ളത്.
കെ. സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് മൂന്നാം പ്രതി.പുരാവസ്തു ഇടപാടിന്റെ ഭാഗമായി നിരവധി പേർ മോൻസനു നൽകിയ 25 ലക്ഷം രൂപയിൽ പത്തു ലക്ഷം കൈപറ്റിയെന്നാണ് സുധാകരനെതിരായ കേസ്. ഇതിൽ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സുധാകരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മുൻകൂർ ജാമ്യമുണ്ടായതിനാൽ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് സുധാകരനെതിരേ ചുമത്തിയിരിക്കുന്നത്. സുധാകരന് മോന്‍സനൊപ്പം സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.മോന്സണ് വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും ഇത് മറച്ചുവച്ചു. മോന്‍സന്റെ വ്യാജ പുരാവസ്തു ശേഖരങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സുധാകരന് പ്രചാരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.
അടുത്ത കുറ്റപത്രത്തിൽ കൂടുതൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ലക്ഷ്മണയെയും അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തെ തുടർന്നു വിട്ടയയ്ക്കുകയായിരുന്നു പിന്നീട്.