കൊച്ചി: മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഏഴരമണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണ് ക്രൈംബ്രാഞ്ച് സംഘം സുധാകരനെ അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. നടപടികൾ പൂർത്തിയാക്കി സുധാകരൻ ഉടൻതന്നെ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങുമെന്നാണ് സൂചന. അറസ്റ്റ് വിവരം പുറത്തുവന്നതോടെ ജാമ്യനടപടികൾക്കായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ഇവർ സുധാകരനെ ജാമ്യത്തിലെടുത്ത് മടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ഇന്ന് രാവിലെ 11 മണി മുതലാണ് തട്ടിപ്പു കേസില്‍ പ്രതിയായ സുധാകരനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും സുധാകരനു മറുപടിയുണ്ടായിരുന്നില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, കേസിൽ രണ്ടാഴ്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുധാകരന് കോടതി അനുവദിച്ചിരുന്നു. സിആര്‍പിസി 41 പ്രകാരം നോട്ടീസ് നല്കിയതിനാല് 50,000 രൂപ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലും സുധാകരനെ വിട്ടയയ്ക്കും.
മോന്സൻ ആവശ്യപെട്ടപ്രകാരം ചിലർ അദ്ദേഹത്തിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം രൂപ സുധാകരന് കൈപ്പറ്റിയെന്നുമാണ് കേസ്. പരാതിക്കാര്‍ നല്കിയ തെളിവുകള്‍, മോന്‍സന്റെയും ജീവനക്കാരുടേയും മൊഴി എന്നിവയാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകള്‍. സംഭവം നടന്നെന്ന് പറയുന്ന ദിവസം സുധാകരൻ മോൻസനൊപ്പം ഉണ്ടായിരുന്നെന്ന ഡിജിറ്റല്‍ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.