ന്യൂഡല്ഹി : ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കക്കായി മൂന്ന് ബാറ്റർമാരാണ് സെഞ്ച്വറി കുറിച്ചത്. ഓപ്പണർ ക്വിന്റൺ ഡീക്കോക്ക് 100 റൺസെടുത്തപ്പോൾ റസി വാൻഡർ ഡസൻ 108 റൺസും എയ്ഡൻ മാർക്രം 106 റൺസുമെടുത്തു.
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ മുഴുവൻ കണക്കു കൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പുറത്തെടുത്തത്. രണ്ടാം ഓവറിൽ ക്യാപ്റ്റൻ ടെംപാ ബാവുമ പുറത്തായ ശേഷം ഒത്തു ചേർന്ന ഡീക്കോക്ക് വാൻഡർ ഡസൻ സഖ്യം ശ്രീലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. സ്കോർബോർഡിൽ 200 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം വേർപിരിഞ്ഞത്. 84 പന്തിൽ 12 ഫോറും മൂന്ന് ഫോറും സഹിതമാണ് ഡീക്കോക്ക് 100 റൺസ് അടിച്ചെടുത്തത്. പിന്നീട് ക്രീസിലെത്തിയ എയ്ഡൻ മാർക്രമിനൊപ്പം സ്കോറുയർത്തിയ വാൻഡർഡസൻ 37ാം ഓവറിൽ വെല്ലലഗെക്ക് മുന്നിൽ വീണു.
എന്നാൽ വാൻഡർ ഡസൻ നിർത്തിയേടത്ത് നിന്ന് മാർക്രം തുടങ്ങുകയായിരുന്നു. വെറും 49 പന്തിലാണ് മാർക്രം സെഞ്ച്വറി തികച്ചത്. 14 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു മാർക്രമിന്റെ ഇന്നിങ്സ്. പിന്നീട് അവസാന ഓവറുകളിൽ തകർത്തടിച്ച ഹെൻഡ്രിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർബോർഡിന് വേഗം കൂട്ടി. ഒടുക്കം 49ാം ഓവറിൽ ദക്ഷിണാഫ്രിക്ക 400 എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടു.
ശ്രീലങ്കക്കായി പന്തെടുത്തവരൊക്കെ അടിവാങ്ങിക്കൂട്ടി. കസൂൻ രജിത പത്തോവറിൽ 90 റൺസ് വഴങ്ങിയപ്പോൾ പതിരാന 95 റൺസും വെല്ലലഗെ 81 രൺസുമാണ് വഴങ്ങിയത്.