തിരുവനന്തപുരം : ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സന്നാഹമത്സരങ്ങളില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും റണ്ണേഴ്സ് അപ്പായ ന്യൂസിലന്‍ഡിനും വിജയം.
തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് മഴനിയമപ്രകാരം ഏഴു റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടി. ഡെവണ്‍ കോണ്‍വേ(78), ടോം ലാതം(52)എന്നിവര്‍ കീവീസിനായി അര്‍ധ സെഞ്ചുറി കുറിച്ചു. ലുംഗി എന്‍ഗിഡി, മാര്‍ക്കോ യാന്സന് എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഡി കോക്ക്(84), വാന്‍ ഡെര്‍ ഡുസന്(51) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ ബലത്തില്‍ 37 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്ക്കുമ്പോള് മഴയെത്തി. തുടര്‍ന്ന് മഴനിയമ പ്രകാരം ഏഴു റണ്‍സിനു മുമ്പിലായിരുന്ന ന്യൂസിലന്‍ഡിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഗോഹട്ടിയില്‍ നടന്ന ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരവും മഴമൂലം വെട്ടിചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മെഹ്ദി ഹസന് മിറാസ്(74) നേടിയ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ 37 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. റീസ് ടോപ്ലി ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റ് വീഴ്ത്തി. മഴനിയമ പ്രകാരം വിജയലക്ഷ്യം 197 ആയി പുനര്‍നിര്‍ണയിക്കുകയും ചെയ്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒരു സമയത്ത് തോല്‍വിയെ അഭിമുഖീകരിച്ചിരുന്നു.
114 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ രക്ഷിച്ചത് മോയിന്‍ അലിയുടെ മിന്നല്‍ അര്‍ധ സെഞ്ചുറിയാണ്. 39 പന്തില്‍ 56 റണ്‍സ് നേടിയ മോയിന്‍ അലി വിജയത്തിനു തൊട്ടുമുമ്പ് പുറത്തായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടമുണ്ടാകാതെ ഇംഗ്ലണ്ട് വിജയത്തിലെത്തുകയായിരുന്നു.