ന്യൂഡൽഹി : ലോകകപ്പ് ക്രിക്കറ്റിലെ ഒമ്പതാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ അഫ്ഗാൻ നായകൻ ഹഷ്മത്തുള്ള ഷഹിദി ബാറ്റിംഗ് തെരഞ്ഞെടുത്തു.
ബംഗ്ലാദേശിനെതിരേ കളിച്ച ടീമിനെ നിലനിർത്തിയാണ് അഫ്ഗാനിസ്ഥാൻ ഇന്നിറങ്ങുന്നത്. അതേസമയം, ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. സ്പിന്നർ രവിചന്ദ്ര അശ്വിനു പകരം ശാർദുൽ ഠാക്കൂർ അന്തിമ ഇലവനിൽ ഇടംപിടിച്ചു.
ഇന്ത്യൻ ടീം: രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.
അഫ്ഗാനിസ്ഥാൻ ടീം: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ, ഹഷ്മതുള്ള ഷഹിദി, മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ, ഫസൽഹഖ് ഫറൂഖി, നവീൻ ഉൾ-ഹഖ്.
ഡൽഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ റണ്ണൊഴുകുമെന്നാണ് കഴിഞ്ഞ മത്സരം നൽകിയ സൂചന. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ലോകകപ്പ് പോരാട്ടത്തിൽ 754 റണ്‍സായിരുന്നു പിറന്നത്. ദക്ഷിണാഫ്രിക്ക 428ഉം ശ്രീലങ്ക 326ഉം റണ്‍സ് നേടി. എന്നാൽ, ഇന്ത്യ x അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ 700ൽ അധികം റണ്‍സ് പിറക്കാനുള്ള സാധ്യത കുറവാണ്.
ചെന്നൈയിലെ സ്പിൻ അനുകൂല പിച്ചിലായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ഡൽഹിയിലേക്കെത്തുന്പോൾ ബാറ്റിംഗ് പിച്ചും. വിവിധ സ്വഭാവമുള്ള പിച്ചുകളിൽ കളിക്കുക എന്നതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ വെല്ലുവിളി.
അസുഖബാധിതനായ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ഇന്നും രോഹിത് ശർമയ്ക്കൊപ്പം ഓപ്പണർ റോളിലെത്തും.
ഡൽഹിയിൽ സ്പിന്നർമാർക്ക് റോൾ കുറവായിരിക്കുമെന്നതിനാലാണ് ആർ. അശ്വിനു പകരം ശാർദുൽ ഠാക്കൂറിനെ ഉൾപ്പെടുത്തിയത്. ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിൽ മൂന്ന് സ്പിന്നർമാരെ (ആർ. അശ്വിൻ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ) ഉൾപ്പെടുത്തിയായിരുന്നു ഇന്ത്യ ഇറങ്ങിയത്.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ അഫ്ഗാനിസ്ഥാൻ ഇതുവരെ ജയം നേടിയിട്ടില്ല. 2019 ലോകകപ്പിൽ മുഹമ്മദ് ഷമിയുടെ അവസാന ഓവർ ഹാട്രിക്കിലൂടെ ഇന്ത്യ 11 റണ്‍സ് ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 224/8 എന്ന സ്കോറിൽ അഫ്ഗാൻ ഒതുക്കിയിരുന്നു. വിരാട് കോഹ്ലി (67) ആയിരുന്നു അന്ന് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ