ലഖ്നൗ : ആദ്യം ജയം തേടി ലോകകപ്പില്‍ മൂന്നാം മത്സരം കളിക്കാനിറങ്ങിയ ഓസ്ട്രേലിയക്ക് ലക്ഷ്യത്തിലേക്ക് വേണ്ടത് 210 റണ്‍സ്. രണ്ട് മത്സരങ്ങള്‍ തുടരെ തോറ്റാണ് ശ്രീലങ്കയും നില്‍ക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 43.3 ഓവറില്‍ 209 റണ്‍സില്‍ ഓള് ഔട്ടായി.
വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ശ്രീലങ്ക. 84 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് പത്ത് വിക്കറ്റുകളും നിലംപൊത്തിയത്. ഇടയ്ക്ക് മഴ പെയ്തു കളി നിര്‍ത്തി. അപ്പോള്‍ നാല് വിക്കറ്റുകളായിരുന്നു അവര്‍ക്ക് നഷ്ടമായത്. പിന്നീട് മഴ മാറി കളി വീണ്ടും തുടങ്ങി. പിന്നാലെ ക്ഷണത്തില്‍ തന്നെ അവരുടെ ഇന്നിങ്സിനും തിരശ്ശീല വീണു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കായി ഓപ്പണര്‍മാര്‍ മിന്നും തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ പതും നിസ്സങ്ക- കുശാല്‍ പെരേര സഖ്യം 125 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ഇരുവരും അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഓപ്പണര്‍മാരെ രണ്ട് പേരെയും മടക്കിയത്. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ എന്നിവരെ തുടരെ മടക്കി ആദം സാംപയും ലങ്കയെ ഞെട്ടിച്ചു. നിസ്സങ്ക 67 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 61 റണ്‍സെടുത്തു. ആദ്യം പുറത്തായതും നിസ്സങ്ക തന്നെ. പിന്നാലെ കുശാല്‍ പെരേരയും മടങ്ങി. താരം 82 പന്തില്‍ 78 റണ്‍സെടുത്തു. 12 ഫോറുകള്‍ പറത്തി. കുശാല്‍ മെന്‍ഡിസ് ഒന്‍പത് റണ്‍സും സമരവിക്രമ എട്ട് റണ്‍സും മാത്രമേ എടുത്തുള്ളു.
പിന്നീട് ക്രീസിലെത്തിയ ചരിത് അസലങ്ക ഒരറ്റത്തു നിലയുറപ്പിച്ചു പൊരുതാന്‍ ശ്രമിച്ചെങ്കിലും ആരും പിന്തുണച്ചില്ല. ഝനഞ്ജയ ഡി സില്‍വ (7), ദുനിത് വെള്ളാലഗെ, ചമിക കരുണരത്നെ (2 വീതം റണ്‍സ്), മഹീഷ് താക്ഷണ (0), ലഹിരു കുമാര (4) എന്നിവരെല്ലാം ക്ഷണം മടങ്ങി. ഒടുവില്‍ പൊരുതല്‍ നിര്‍ത്തി അസലങ്കയും കീഴടങ്ങി. ഓപ്പണര്‍മാര്‍ക്ക് ശേഷം ടീമില്‍ രണ്ടക്കം കടന്ന ഏത താരവും അസലങ്കയാണ്. താരം 39 പന്തില്‍ 25 റണ്‍സെടുത്തു. ദില്ഷന് മധുഷങ്ക റണ്ണൊന്നുമില്ലാതെ നിന്നു.
ഓസ്ട്രേലിയക്കായി ആദം സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഗ്ലെന്‍ മാക്സ്വെല് ഒരു വിക്കറ്റ് വീഴ്ത്തി.