ലണ്ടൻ: ക്രിക്കറ്റിലെ മഴനിയമമായ ഡക്ക്വർത്ത് ലൂയിസിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു. 84 വയസ്സായ അദ്ദേഹം ഇംഗ്ലീഷുകാരനാണ്. നിയമത്തിന്റെ സ്ഥാപകരിലൊരാളായ ലൂയിസ് 2020ൽ അന്തരിച്ചിരുന്നു.
മഴമൂലം ക്രിക്കറ്റ് മത്സരം അവസാനിക്കുമ്പോൾ വിജയിയെ കണ്ടെത്താനും ഓവറുകൾ വെട്ടിക്കുറക്കുമ്പോഴും ഇരുവരും ചേർന്ന് രൂപീകരിച്ച മഴനിയമമാണ് ഉപയോഗിക്കുന്നത്. ഈ നിയമത്തിനെതിരെ ഏറെ വിമർശനങ്ങളുണ്ടെങ്കിലും ഇതിനേക്കാൾ മികച്ച മറ്റൊരു ഉപാധിയില്ലാത്തതിനാൽ തന്നെ മറിച്ചൊരു ചിന്തക്ക് ഐ.സി.സി ഇനിയും ഇടം നൽകിയിട്ടില്ല. 1997ലെ അന്താരാഷ്ട്ര മത്സരത്തിലാണ് ഇരുവരും രൂപീകരിച്ച നിയമം ആദ്യമായി പ്രയോഗിക്കുന്നത്. പിന്നീട് നേരിയ രീതിയിലുള്ള മാറ്റങ്ങൾക്കും വിധേയമാക്കി.
കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനും ബംഗ്ലദേശും ട്വന്റി 20 ലോകകപ്പിൽ നടന്ന നിർണായക മത്സരത്തിലും വിജയിയെ തീരുമാനിച്ചതിൽ ഈ നിയമത്തിന് വലിയ റോളുണ്ടായിരുന്നു. നിയമപ്രകാരമുള്ള തോൽവി ഒഴിവാക്കാനായി സമയം വൈകിപ്പിക്കുന്ന അഫ്ഗാൻ താരങ്ങളെയും മൈതാനത്ത് കണ്ടു.