വയനാട്: വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളുടെയും കൂട്ട സംസ്ക്കാരം നടന്നു. ഹാരിസൺ മലയാളം എസ്റ്റേറ്റ് ഭൂമിയിൽ അടുത്തടുത്തായി എടുത്ത കുഴികളിലാണ് 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളും സംസ്കരിച്ചത്. വൈകീട്ട് മൂന്നുമണിയോടെ ആരംഭിച്ച സംസ്ക്കാര ചടങ്ങിൽ ഇന്നലത്തേത് പോലെ സർവമത പ്രാർത്ഥന അടക്കമുള്ള സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കിയിരുന്നു. മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡി.എൻ.എ പരിശോധനക്ക് ശേഷം ആ പരിശോധനാ നമ്പർ അടയാളം ആക്കിയാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുന്നത്.
പുത്തുമലയില്‍ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മുണ്ടക്കൈയില്‍ മരിച്ചവര്‍ക്കായി പുത്തുമലയില്‍ 200 കുഴിമടങ്ങളാണ് ഒരുക്കിയത്. ഇതില്‍16 പേരുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. സര്‍വമതപ്രാര്‍ഥനയോടെയായിരുന്നു സംസ്കാരം നടത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിച്ച ചടങ്ങുകള്‍ വൈകുന്നേരം 4.10 ഓടെ പൂര്‍ത്തിയാക്കി. 189 മൃതദേഹങ്ങളാണ് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന് ഭൂമിയില്‍ സംസ്കരിക്കുക. ഇതില്‍ 31 മൃതദേഹങ്ങളും 158 മൃതശരീരഭാഗങ്ങളുമുണ്ട്. ഒരു സെന്റില്‍ ഏഴു മൃതദേഹങ്ങള്‍ വീതമാണ് സംസ്കരിക്കുക.
ആദ്യ ബാച്ചിലെ തന്നെ ആറുപേരുടെ മൃതദേഹം കൂടി ഇനി സംസ്കരിക്കാനുണ്ട്. ശേഷം 14 പേരുടെ മൃതദേഹം ഇവിടെ എത്തിക്കും. സര്‍വമത പ്രാര്‍ഥനയോടെ ഈ മൃതദേഹങ്ങളും സംസ്കരിക്കും. അതിനുശേഷം 50 വീതം മൃതദേഹഭാഗങ്ങള്‍ പുത്തുമലയില്‍ എത്തിച്ച് പ്രാര്‍ഥനയോടെ സംസ്കരിക്കും. വൈകുന്നേരത്തോടെ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ പരിശ്രമിക്കുന്നത്. തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം പുത്തുമലയിൽ സംസ്കരിച്ചിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ടവർക്ക് വിട ചൊല്ലാനെത്തിയത്.