തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിനു സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള മുന്നൊരുക്കമാണ്. അതിനെ ശക്തമായി സിപിഎം എതിർക്കും. പ്രക്ഷോഭത്തിലേക്ക് സമസ്തയെ ക്ഷണിക്കും. വർഗീയ വാദികളല്ലാത്ത എല്ലാവരേയും ഇക്കാര്യത്തിൽ ഒന്നിപ്പിക്കാൻ ശ്രമിക്കും. വിഷയത്തിൽ സിപിഎം സെമിനാർ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാടിനേയും അദ്ദേഹം ചോദ്യം ചെയ്തു. വിഷയത്തിലെ കോൺഗ്രസ് നിലപാട് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.