തിരുവനന്തപുരം : പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി. കോഴിക്കോട് സ്വദേശിയായ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ നിന്നാണ് പണം കൈപ്പറ്റിയത്. ഏരിയാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ യുവനേതാവിനെതിരെയാണ് പരാതി.
മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പില്‍ 60 ലക്ഷം രൂപയ്ക്കാണ് ധാരണയായത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവ് കൈപ്പറ്റിയതായും പരാതിയില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ ഈ വ്യക്തിയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ആയുഷ് വകുപ്പില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്ത് അനുനയിപ്പിച്ചു. അതും നടക്കാതായതോടെയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. നിയമനം വാഗ്ദാനംചെയ്യുന്നതും ഡീല്‍ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശം അടക്കം പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് സൂചന.
സിപിഎം സംസ്ഥാന നേതൃത്വം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇടപാട് നടന്നതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് വിവരം പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.