ആലപ്പുഴ: കടുത്ത വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് സിപിഎം സംസ്ഥാന നേതൃത്വം പിരിച്ചുവിട്ട ആലപ്പുഴയിലെ രണ്ട് ഏരിയ കമ്മിറ്റികൾ ഒന്നാക്കി. ആലപ്പുഴ നോർത്ത്, സൗത്ത് ഏരിയ കമ്മിറ്റികളാണ് ഒന്നിച്ചത്.ആലപ്പുഴ ഏരിയ കമ്മിറ്റി എന്ന നിലയിലാണ് പുതിയ ഘടകത്തെ തെരഞ്ഞെടുത്തത്.
പുതിയ സെക്രട്ടറിയായി സംസ്ഥാന സമിതി അംഗം സി.ബി.ചന്ദ്രബാബുവിനെയും പാർട്ടി നിയോഗിച്ചു. 14 അംഗ ഏരിയ കമ്മിറ്റിയും നിലവിൽ വന്നു.നേരത്തെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് മൂന്ന് ഏരിയ കമ്മിറ്റികളാണ് സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി അഡ്ഹോക് കമ്മിറ്റിയും സെക്രട്ടറിയും നിലവിൽ വരും.
ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികളുടെ കീഴിലുള്ള ലോക്കൽ കമ്മിറ്റി മുതലുള്ള ആളുകളുടെ ജനറൽ ബോഡി യോഗം ഇന്ന് ജില്ലാ കമ്മറ്റി ഓഫിസിൽ ചേർന്നിരുന്നു. മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം റിപ്പോർട്ട് ചെയ്യുകയും പുതിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ചുമതലയേൽപ്പിക്കുകയും ചെയ്തത്.