ലോക്സഭാ തെരെഞ്ഞെടുപ്പുകഴിഞ്ഞതോടെ സിപിഎമ്മിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ട് പൊതുസമൂഹത്തിന് മുന്നില്‍ മുഖം രക്ഷിക്കാനുള്ള സിപിഐ ശ്രമത്തിനെതിരെ സിപിഎമ്മിലും ഇടതുമുന്നണിയിലും കടുത്ത വിമർശനം.എസ്എഫ്ഐക്കെതിരെയും, കണ്ണൂരിലെ സിപിഎമ്മിന്റെ ക്രിമിനല്‍വല്‍ക്കരണത്തിനെതിരെയും പരസ്യ പ്രസ്താവനയുമായി രംഗത്തുവന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെതിരെ സിപിഎമ്മില്‍ കടുത്ത അസംതൃപ്തി പുകയുന്നുണ്ട്.
കണ്ണൂരിലെ മുന്‍ സിപിഎം നേതാവ് മനുതോമസ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം നടത്തിയ കടുത്ത സിപിഎം വിമര്‍ശനവും, എസ് എഫ് ഐയുടെ അക്രമങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയും സിപിഎമ്മിനെ നന്നായി അലോസരപ്പെടുത്തിയിരുന്നു. എന്നാല്‍ ഉന്നത സിപിഎം നേതാക്കളാരും അതിനെതിരെ പ്രതികരിക്കേണ്ട എന്നതിരുമാനം സിപിഎം എടുത്തിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹിം എംപി മാത്രമാണ് ബിനോയ് വിശ്വത്തിനെതിരെ പ്രതികരിക്കാന്‍ രംഗത്തുവന്നത്.കഴിഞ്ഞ രണ്ടുലോക്സഭാ തെരെഞ്ഞെടുപ്പുകളിലായി സിപിഐക്ക് കേരളത്തില്‍ നിന്നും എംപിമാരില്ല. ഇത്തവണ മാവേലിക്കര സീറ്റില്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെന്നും വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പി്ല് അതു പ്രതിഫലിക്കുമെന്നും സിപിഐ മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ ഭരണവിരുദ്ധവികാരത്തിന്റെ പാപഭാരം മുഴുവന്‍ സിപിഎം താങ്ങണമെന്ന നിലപാടിലാണ് സിപിഐ. ലോക്സഭാ തെരെഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കാറ്റ് ഏങ്ങോട്ടാണ് വീശുന്നതെന്ന്് സിപിഐ നേതൃത്വത്തിന് മനസിലായിട്ടുണ്ട്്. അതില്‍ നിന്നും രക്ഷപെടണമെങ്കില്‍ നിരന്തരമായ സിപിഎം വിമര്‍ശനം കൊണ്ടേ സാധിക്കുകയുള്ളുവെന്നും സിപിഐ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഭരണത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച് കൊണ്ട് ഭരണമുന്നണിയിലെ ഒരു കക്ഷി മറ്റൊരു കക്ഷിക്കെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്നത് മുന്നണി മര്യാദക്ക് ചേര്ന്നതല്ലന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. ഭരണത്തുടര്‍ച്ചയുടെ ആനുകൂല്യങ്ങളെല്ലാം സിപിഐക്കും ലഭിക്കുന്നുണ്ട്. മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയെന്ന നിലയിലുളള അംഗീകാരവുമുണ്ട്. എന്നിട്ടും മുഖം രക്ഷിക്കാന്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയമര്യാദയല്ലന്നാണ് സിപിഎം നേതൃത്വത്തിന്റ നിലപാട്. എന്നാല്‍ ഇത് അവര്‍ തുറന്നുപറയാന്‍ തയ്യാറാകുന്നില്ല. സിപിഎമ്മും മുന്നണിയും വലിയ തിരിച്ചടി ഏറ്റുകൊണ്ടിരിക്കുന്ന ഈ സമയത്തു ഇടതു മുന്നണിയില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടെന്ന് ജനങ്ങള്‍ ധരിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നാണ് സിപിഎം പറയുന്നത്.
ഇടതുമുന്നണിയിലെ ഒരു ഘടകക്ഷിയെന്ന നിലയില്‍ സിപിഐ ഒരിക്കലും പ്രതികരിക്കേണ്ടതില്ലാത്ത ഒരു കാര്യത്തിനാണ് ഇപ്പോള്‍ അവര്‍ വിമര്ശനമുന്നിയിക്കുന്നതെന്നാണ് സിപിഎം കരുതുന്നത്. എസ്എഫ്ഐ ഒരു വിദ്യാര്‍ത്ഥി സംഘടനയാണ്. അതുകൊണ്ടു തന്നെ അവര്‍ സ്വതന്ത്ര നിലപാടുകള്‍ പലകാര്യങ്ങളിലും എടുക്കുന്നുണ്ട്. കണ്ണൂരിലെ മുന്‍ ഡിവൈഎഫ്ഐ നേതാവ് മനുതോമസ് ഉയര്‍ത്തിയ വിഷയങ്ങള്‍ തികച്ചും പ്രാദേശിക തലത്തില്‍ ഒതുങ്ങി നില്‍ക്കുന്നതുമാണ്. അതിനെല്ലാം സിപിഎമ്മിനെ പഴിചാരേണ്ടതില്ല. എല്ലാ രാഷ്ടീയപാര്‍ട്ടികളും ഇത്തരം പ്രതിസന്ധികളും പ്രശ്നങ്ങളും ഏറിയും കുറഞ്ഞും നേരിടുന്നുമുണ്ട്. സിപിഐ എടുക്കുന്ന നിലപാടുകള്‍ പ്രതിപക്ഷത്തിനാണ് ഇപ്പോള്‍ ഗുണം ചെയ്യുന്നതെന്നും മുന്നണി മര്യാദ മറന്ന് പ്രവര്‍ത്തിക്കരുതെന്നുമാണ് സിപിഎം പറയുന്നത്. സിപിഐയില്‍ മറ്റു നേതാക്കളാരും സിപിഎമ്മിനെ വിമര്‍ശിക്കാറില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെയാണ് അത് ചെയ്യുന്നത്. അതുകൊണ്ട് ഏതെങ്കിലും സിപിഐ നേതാവ് വ്യക്തിപരമായി നടത്തുന്ന വിമര്‍ശനമെന്ന് പറഞ്ഞ് അതിനെ ലഘൂകരിക്കാനും സിപിഎമ്മിനു കഴിയുന്നില്ല. അതും വലിയ തലവേദനയാണ് പാര്‍ട്ടിക്ക് സമ്മാനിക്കുന്നത്.
ബിനോയ് വിശ്വത്തിന്റെ വിമര്‍ശനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ സിപിഎം ഏതായാലും ശ്രദ്ധിക്കും. അങ്ങിനെ വന്നാല്‍ സിപിഎം നേതൃത്വം തന്നെ ഇടപെട്ട് തിരുത്തുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത്. തങ്ങളുടെ തലയില്‍ ചവിട്ടിനിന്ന് സിപിഐ വലിയ ആദര്ശവാന്മ്മാര് ആകണ്ടേ എന്ന് തന്നെയാണ് സിപിഎം നിലപാട്