കണ്ണൂർ: എരഞ്ഞോളിയിൽ വയോധികൻ സ്റ്റീൽ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ യുവതിക്കെതിരെ സിപിഎമ്മിന്റെ ഭീഷണി. ആരോപണങ്ങളുമായി രംഗത്തെത്തിയ വേലായുധന്റെ അയൽവാസി സീനയെയാണ് പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്.
ഇന്നലെ രാത്രി പാർട്ടിക്കാർ വീട്ടിലെത്തി. പഞ്ചായത്ത് മെമ്പർ അടക്കമുള്ളവരാണ് വന്നത്. മകളെ കാര്യം പറഞ്ഞ് മനസിലാക്കണെന്ന് അമ്മയോട് പറഞ്ഞു. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്ന് അമ്മ മറുപടി നൽകിയതായും സീന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കൊന്നാലും സത്യം പറയുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രദേശത്തെ ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമ്മാണ ഹബ്ബാണെന്നായിരുന്നു സീന കഴിഞ്ഞ ദിവസം പറഞ്ഞത്. ‘ബോംബ് പൊട്ടി മരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. ഇതിനെതിരെ പ്രതികരിക്കുന്നവർക്ക് രക്ഷയില്ല. ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാൻ അനുവദിക്കില്ല. താൻ ഇത് തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. സമീപത്തെ പറമ്പിൽ നിന്ന് പാർട്ടിക്കാരെത്തി ബോംബുകൾ എടുത്തുമാറ്റി. സഹികെട്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത്. ഭയമില്ലാതെ ഞങ്ങൾക്ക് ഇവിടെ ജീവിക്കണം’- എന്നായിരുന്നു യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അന്വേഷണത്തിന് പ്രത്യേക സംഘം
സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ച സംഭവം തലശേരി എ.എസ്.പി കെ.എസ് ഷഹൻഷായുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ബോംബിന്റെ ഉറവിടം കണ്ടെത്തും. ആൾത്താമസമില്ലാത്ത വീടുകളുടേയും പറമ്പുകളുടേയും പട്ടിക തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു. തലശേരി, പാനൂർ മേഖലകളിൽ വ്യാപക പരിശോധന നടത്തും. അതേസമയം, ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിക്കുന്നുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.