ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചടികള്‍ക്ക് ശേഷം സിപിഎം ആത്മനവീകരണത്തിന്റെ പാതയിലാണ്.പാര്‍ട്ടി സഖാക്കള്‍ അമ്പലക്കമ്മിറ്റികളില്‍ സജീവമാകണം എന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിര്‍ദേശം തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂരിപക്ഷ സമുദായവോട്ടുകളെ തിരിച്ചുപിടിക്കുക എന്ന ഉദ്ദേശം മുന്‍ നിര്‍ത്തി മാത്രമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം കൈക്കൊണ്ട തന്ത്രത്തിന്റെ ഭാഗമായി കേരളത്തില്‍ പൊതുവെയും പ്രത്യേകിച്ച് മലബാര്‍ മേഖലയിലും തങ്ങളുടെ പ്രവര്‍ത്തകരെ വിവിധ അമ്പലക്കമ്മിറ്റികളിലേക്ക് കയറ്റിവിട്ടിരുന്നു. മിക്കവാറും ക്ഷേത്രകമ്മിറ്റികളുടെ ഭാരവാഹികളും സിപിഎം നേതാക്കള്‍ തന്നെയായിരുന്നു. എന്നാല്‍ പിന്നീട് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎം കൈക്കൊണ്ട നിലപാട് ഇതിന് തിരിച്ചടിയായി. അമ്പലങ്ങളിലേക്ക് പോയ സിപിഎം നേതാക്കളില്‍ ചിലര്‍ അതുപേക്ഷിച്ച് തിരിച്ചുപോരുകയും മറ്റു ചിലര്‍ പാര്ട്ടിയുപേക്ഷിച്ച് അവിടെ തുടരുകയും ചെയ്തു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ സിപിഎം സംഘടിപ്പിച്ചിരുന്ന കാലവുമുണ്ടായിരുന്നു. എന്നാല്‍ ശബരിമല വിഷയത്തോടെ അതും പാര്‍ട്ടി ഉപേക്ഷിച്ചു. മതങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വളരുക എന്നതായി പുതിയ മുദ്രാവാക്യം.
പിന്നീട് മുസ്ളീം വിഭാഗത്തെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള പരിപാടിയുമായി സിപിഎം രംഗത്തിറങ്ങിയതോടെ അമ്പലം പിടിക്കല്‍ പരിപാടി പതിയെ പരണത്തുവച്ചു. മുസ്ളീം വിഭാഗത്തിനെ തങ്ങളുടെ കൂടെ അണിനിരത്തി യുഡിഎഫിനെയും അതിലെ പ്രമുഖ രാഷ്ട്രീയ ശക്തിയായ മുസ്ളീം ലിഗിനെയും പ്രതിരോധത്തിലാക്കാമെന്നായിരുന്നു സിപിഎം കണക്കുകൂട്ടല്‍. പാലസ്തീന് ഐക്യദാര്‍ഡ്യ സദസുകളും പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമെല്ലാം സിപിഎം ആസൂത്രണം ചെയ്തത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഈ പരിപാടികളെല്ലാം മുസ്ളീം വിഭാഗത്തില്‍ നിന്നുള്ള മതപണ്ഡിതന്മാരെയും നേതാക്കളെയും കൊണ്ടു സമ്പന്നവുമായിരുന്നു. എന്നാല്‍ അതൊന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടായിമാറിയില്ലന്ന് സിപിഎം കഴിഞ്ഞ തവണ തിരിച്ചറിഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും റിക്കാര്‍ഡ് ഭൂരിപക്ഷമാണ് മുസ്ളീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്്. മലബാര്‍ മേഖലയില്‍ കാര്യമായ മുസ്ളീം വോട്ടുകള്‍ സിപിഎമ്മിന് ലഭിക്കുകയും ചെയ്തില്ല.
ഇതോടൊപ്പം സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് അടപടലം ഒഴുകുന്ന കാഴ്ചകൂടി ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടു. ഇടതുപക്ഷത്തിന്റെ കയ്യിലിരിക്കുന്ന പതിനൊന്നു നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തി.ഇതോടെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് സിപിഎം തിരിച്ചറിഞ്ഞത്. മുസ്ളീം വിഭാഗത്തെ പ്രീണിപ്പിക്കാന്‍ പോയപ്പോള്‍ തങ്ങളുടെ കക്ഷത്തിലിരുന്ന ഭൂരിപക്ഷ സമുദായവോട്ടുകള്‍ ഒഴുകിപ്പോയത് സിപിഎം ശ്രദ്ധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ന്യുനപക്ഷ പ്രീണനം പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കി എന്ന് തന്നെയാണ് വെളിപ്പെടുത്തിയത്. ഇതോടെ സിപിഎം നേതൃത്വത്തിന് നിൽക്കക്കള്ളിയില്ലാതെയായി. തങ്ങള്‍ ന്യുനപക്ഷങ്ങള്‍ക്കൊപ്പം നിന്നത് തിരിച്ചടിയായി ജനങ്ങള്‍ മുന്നില്‍ സമ്മതിക്കാന്‍ സിപിഎമ്മിന് കഴിയില്ല. എന്നാല്‍ പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ നിന്നും വരുന്ന വിമര്‍ശനങ്ങള്‍ ആ തരത്തിലുള്ളതാണ്. ഇതോടെയാണ് പഴയ അമ്പലം പിടിക്കല്‍ തന്ത്രം പൊടിതട്ടിയെടുക്കാന്‍ സിപിഎം ശ്രമിക്കുന്നത്.
എന്നാല്‍ പഴയ തന്ത്രം നടപ്പിലാക്കല്‍ അത്ര എളുപ്പമല്ലന്നാണ് സിപിഎം കേന്ദ്രങ്ങള്‍ ഇപ്പോള്‍ പറയുന്നത്. അമ്പലകമ്മിറ്റികള്‍ പിടിക്കാന്‍ ശ്രമിക്കുന്നത് വലിയ സംഘര്‍ഷത്തിലേക്ക് തന്നെ പോയേക്കാമെന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. ദേവാലയങ്ങളെ രാഷ്ട്രീയ യുദ്ധത്തിനുള്ള വേദിയാക്കുന്നത് ശരിയായ നടപടിയല്ലന്നു വീക്ഷിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്നിന്നടക്കം വലിയൊരു വിഭാഗം വോട്ടുകള്‍ യുഡിഎഫ് പക്ഷത്തേക്കൊഴുകി. ഇതാണ് അടിയന്തിരമായി അമ്പലം പിടിക്കല്‍ തന്ത്രം പൊടിതട്ടിയെടുക്കാന്‍ കാരണം. ഉറച്ച സിപിഎം വോട്ടുകള്‍ എന്ന സങ്കല്‍പ്പം അവസാനിച്ചുകഴിഞ്ഞുവെന്ന് സിപിഎം ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. തങ്ങളുടെ വോട്ടുകളും എങ്ങോട്ട് വേണമെങ്കിലും ഒഴുകാമെന്നും സിപിഎം മനസിലാക്കി. അതിന് ഒരു പ്രതിരോധമെന്ന നിലയിലാണ് ദേവാലയങ്ങളുടെ കമ്മിറ്റികളിലും മറ്റും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സജീവമാകണമെന്ന നിര്‍ദേശം സിപിഎം സംസ്ഥാന സെക്രട്ടറി മുന്നോട്ടുവച്ചത്. കഴുത്തറ്റം മുങ്ങിയ സിപിമ്മിന് ഇപ്പോള്‍ എന്ത് കിട്ടിയാലും അത് കച്ചിത്തുരുമ്പാണ്.