തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തിരുത്തൽ വേണമെന്നും. ബി.ജെ.പിയുടെ വളർച്ച ഗൗരവമായി പഠിക്കണമെന്നും ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നു. ഇപി ജയരാജനും എസ്.എഫ്.ഐക്കും യോഗത്തിൽ രൂക്ഷമായ വിമർശനമാണ് നേരിടേണ്ടി വന്നത്.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ ഉയർന്ന ആക്ഷേപം തിരിച്ചടിയായി. എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജനും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് ദിനത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി. ഇ.പി നിരന്തരം പാർട്ടിയെ സമ്മർദത്തിലാക്കുന്നുണ്ട്. തിരുത്തലുകൾ വരുത്തിയാലേ തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിക്കാനാകൂവെന്നും നേതാക്കൾ പറഞ്ഞു. ക്ഷേമ പെൻഷൻ കുടിശിക തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. മൂന്നു മാസത്തെ കുടിശികയെങ്കിലും നൽകണമായിരുന്നു.
ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ ഇടതുമുന്നണിക്കുണ്ടായ തോൽവിയേക്കാൾ ഗൗരവമായി കാണേണ്ടതു ബി.ജെ.പിയുടെ വോട്ടിലെ വലിയ വർധനവാണ്. ഇത് സംബന്ധിച്ച് പഠനം നടത്തണം. തുടർച്ചയായി മൂന്നാമതും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കണം. ബി.ജെ.പി സ്ഥാനാർഥിയായി രാജീവ് ചന്ദ്രശേഖർ വളരെ വൈകിയാണ് എത്തിയതെങ്കിലും സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് ഞെട്ടിപ്പിക്കുന്നതാണ്. ശശി തരൂരായിരുന്നില്ല കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ ഫലം ബി.ജെ.പിക്ക് അനുകൂലമാകുമായിരുന്നു. കേന്ദ്ര സർക്കാരിന്റെ വ്യക്തിഗത ആനുകൂല്യങ്ങൾ ധാരാളം പേർക്കു ലഭിച്ചു. ഇതിൽ സിപിഎം പ്രവർത്തകരുടെ കുടുംബങ്ങളുമുണ്ട്.
പ്രാദേശികമായുള്ള പാർട്ടിയിലെ പ്രശ്നങ്ങൾ അടിസ്ഥാന വോട്ടുകൾ ചോരുന്നതിനു കാരണമായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ആറ്റിങ്ങലിൽ പാർട്ടി ജില്ലാ സെക്രട്ടറി വി.ജോയി മത്സരിച്ചിട്ടും ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് ഗൗരവമായി കണ്ടില്ലെങ്കിൽ ഭാവിയിൽ മണ്ഡലം അവർക്കനുകൂലമായി മാറുമെന്നും സെക്രട്ടറി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊലീസിന്റെ സമീപനം സാധാരണക്കാരെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായി.