തിരുവനന്തപുരം : പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പോലും ബിജെപിയുമായി അടുത്ത ബന്ധമെന്ന് പ്രചാരണം നടത്തും. ന്യൂനപക്ഷങ്ങൾക്കിടയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ചര്‍ച്ച ചെയ്യാൻ നാളെ ഇടതുമുന്നണിയോഗം ചേരും.
കോൺഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചോദിച്ചു. കോൺഗ്രസിന്റെ ഡസൻ നേതാക്കളാണ് ഇന്ത്യയിൽ ഉടനീളം ബിജെപിയിലേക്ക് പോകുന്നത്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിന്റെ തെളിവാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ രണ്ടക്ക നമ്പർ തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിൽ ബിജെപിക്കാർക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചു വരുന്നവരെ ബിജെപിയിൽ എത്തിക്കും. അതിൽ നിന്നാണ് പ്രധാനമന്ത്രിയുടെ രണ്ടക്കം എന്ന പ്രയോഗം വന്നത്. എകെ ആൻ്റണിയുടെ മകൻ പോയി, കരുണാകരന്റെ മകൾ പോകുന്നു ഇനി ആരൊക്കെയാണ് പോകുന്നത് എന്ന് കണ്ടറിയണം. വടകരയിൽ ഇടതുപക്ഷ മുന്നണി ജയിക്കാൻ പോവുകയാണ്. അതുകൊണ്ടുതന്നെ അവിടെ മുരളീധരൻ ആണോ എന്ന് നോക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന് പറഞ്ഞു.