തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെയും മണിപ്പൂർ കലാപ വിഷയത്തിലും വിപുലമായ പ്രചരണ പരിപാടികൾ നടത്താൻ സി.പി.എം.രണ്ടു വിഷയങ്ങളിലും ഈ മാസം പകുതിയോടെ വില്ലേജ് താളം വരെ നീളുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. രണ്ടു വിഷയങ്ങളിലും പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയാകും സിപിഎം പ്രചാരണം.
ഏക സിവിൽ കോഡിനെതിരെ ഈ മാസം ആദ്യത്തിൽ തന്നെ കോഴിക്കോട് സംസ്ഥാന തല സെമിനാർ സംഘടിപ്പിക്കും. ഏക സിവിൽ കോഡിനെതിരെ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ കക്ഷികളൊഴിച്ചുള്ള ജനാധിപത്യവാദികളെ എല്ലാം കൂട്ടിയിണക്കും എന്നാണ് സിപിഎം പ്രഖ്യാപനം. തുടർന്ന് ജില്ലാതലങ്ങളിലും താഴേയ്ക്കും പ്രചരണം വ്യാപിപ്പിക്കും. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ഈ മാസം 5 വരെ 140 നിയോജക മണ്ഡലങ്ങളിലും , 15ഓടെ വില്ലേജ് തലങ്ങളിലും ഇടതുമുന്നണി പ്രതിഷേധം സംഘടിപ്പിക്കും. സി.പി.എം, സി.പി.ഐ എം.പിമാരുടെ സംഘം മണിപ്പൂർ സന്ദർശിക്കും.മണിപ്പൂർ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തിലും നിഷ്ക്രിയ നിലപാടിലും ഊന്നിയാകും സിപിഎം പ്രചാരണം.
ഏക സിവിൽ കോഡ് വിഷയത്തിൽ കോഴിക്കോട് സെമിനാറിലേക്ക് സമസ്ത ഉൾപ്പെടെ എല്ലാ വിഭാഗക്കാരെയും ക്ഷണിക്കും. കോൺഗ്രസ് നിലപാടുകളോട് വിയോജിപ്പുള്ള മുസ്ലിം വിഭാഗങ്ങളുണ്ട്.മുസ്ലിംലീഗിനെയോ ,ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ അല്ല സെമിനാറിന് ക്ഷണിക്കുക.സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായി ഒരു ഐക്യ നിര രൂപപ്പെടുത്തുകയാണ് സിപിഎം ലക്ഷ്യം .