മലപ്പുറം : മലപ്പുറം ചുങ്കത്തറയിൽ കൂറുമാറിയ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്. സിപിഐഎം എടക്കര ഏരിയാ സെക്രട്ടറി ടി.രവീന്ദ്രന്റേതാണ് ഭീഷണി. ‘പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ’. അൻവറിനൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതരമായ ഭവിഷത്ത് ഉണ്ടാവുമെന്നും കരുതിയിരുന്നോയെന്നും നുസൈബയുടെ ഭർത്താവ് സുധീറിന് മുന്നറിയിപ്പ്.
”നീ പാര്ട്ടീനെ പുറത്തുനിന്ന് കുത്തിപ്പോവാണ്. ഭാവിയിലെ അതിന്റെ ഭവിഷ്യത്ത് ഉണ്ടാകും. നിന്നോടും കുടുംബത്തിനോടും ഒരു ദാക്ഷിണ്യവുമുണ്ടാകില്ല. കരുതിയിരുന്നോ? ” എന്നാണ് ഭീഷണി.
പി.വി അൻവറിന്റെ ഇടപെടലിൽ ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി. എൽഡിഎഫിന്റെ അംഗം നുസൈബ സുധീർ അവിശ്വാസത്തെ അനുകൂലിച്ചു. ഇരുകക്ഷികൾക്കും പത്ത് അംഗങ്ങൾ വീതമുള്ള പഞ്ചായത്തിൽ പി.വി അൻവറിന്റെ പിന്തുണയോടെയായിരുന്നു യുഡിഎഫിന്റെ അവിശ്വാസ നീക്കം.
ടിഎംസി നിലമ്പൂർ മണ്ഡലം കൺവീനറുടെ ഭാര്യയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന നുസൈബ. ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. പി.വി.അൻവറിനെ യുഡിഎഫ് സംരക്ഷിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനിടെ ചുങ്കത്തറ പഞ്ചായത്തിൽ സംഘർഷം ഉണ്ടായി. അവിശ്വാസ പ്രമേയ ചർച്ചക്കിടെ യുഡിഎഫ് -എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ദേഹത്ത് എൽഡിഎഫ് അംഗങ്ങൾ ചാണകവെള്ളം തളിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. അൻവർ ബസിൽ ഗുണ്ടകളെയിറക്കിയെന്ന് സിപിഐഎം പ്രവർത്തകരും ആരോപിച്ചിരുന്നു.