കൊച്ചി: മിനി കൂപ്പർ വിവാദത്തിൽപ്പെട്ട പി.കെ. അനിൽകുമാറിന്റെ സിപിഎം അംഗത്വം റദ്ദാക്കി. അനിൽകുമാറിനെ സിഐടിയു സംഘടനാച്ചുമതലയിൽനിന്നും നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചത്.
പി.വി. ശ്രീനിജൻ എംഎൽഎ സ്പോർട്സ് കൗണ്‍സിലിൽനിന്നു പുറത്തായി . ജില്ലാ സ്പോർട്സ് കൗണ്‍സിൽ അധ്യക്ഷ സ്ഥാനത്തുനിന്നുമാണ് ശ്രീനിജനെ പുറത്താക്കുന്നത്. എംഎൽഎ സ്ഥാനത്തിനൊപ്പം മറ്റ് ഭാരവാഹിത്വം വേണ്ടെന്ന് സിപിഎം ജില്ലാ കമ്മിറ്റി നിർദേശിച്ചതോടെയാണ് ശ്രീനിജന്റെ പദവി തെറിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് ശ്രീനിജൻ പൂട്ടിയത് വിവാദമായിരുന്നു. സെലക്ഷന് ട്രയൽസ് നടക്കേണ്ട കൊച്ചി പനമ്പിള്ളി നഗർ സ്കൂളിന്റെ ഗേറ്റാണ് സ്പോർട്സ് കൗൺസിൽ പൂട്ടിയത്. നൂറിലധികം കുട്ടികൾ പുലർച്ചെ മുതൽ ഗേറ്റിന് മുന്നില്‍ സെലക്ഷനില്‍ പങ്കെടുക്കാനായി കാത്തു നില്‍ക്കുമ്പോഴാണ് തടസവുമായി ശ്രീനിജന്റെ നിർദേശപ്രകാരം ഗേറ്റ് പൂട്ടിയത്.