പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ പാർട്ടി നടപടി. ജില്ലാ കമ്മിറ്റി ഉൾപ്പെടെ മുഴുവൻ നേതൃസ്ഥാനങ്ങളിൽനിന്നും ശശിയെ പുറത്താക്കി. സാമ്പത്തിക തിരിമറി, നിയമന ക്രമക്കേട് ആരോപണങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ നടപടി. ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നു ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം ശശിക്ക് മണ്ണാർക്കാട് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയേക്കും. അതേസമയം, പാർട്ടി പ്രാഥമികാംഗമായി തുടരും. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലെ ഫണ്ട് തിരിമറിയും സഹകരണ സ്ഥാപന നിയമനങ്ങളിലെ ക്രമക്കേടുമാണു നടപടിയിലേക്കു നയിച്ചത്. സി.പി.എം നേതാവ് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആരോപണങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ശശിയെ നേതൃസ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്തണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തിരുന്നു.