തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സിറ്റിങ് എംപി മത്സരിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും എംപിയെന്ന നിലയില്‍ ആരിഫിന്റെ പ്രവര്‍ത്തനം ഏറെ മതിപ്പുള്ളതാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ഗവര്‍ണറെ പോലെ തന്നെ കേന്ദ്രമന്ത്രിയും കളളം പറയുമെന്നതിന്റെ തെളിവാണ് കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചുവെന്ന് പറഞ്ഞതെന്ന് ഗോവിന്ദന് പറഞ്ഞു. കെ റെയില്‍ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. ഏത് നിമിഷവും കെ റെയില്‍ പദ്ധതി നടപ്പിക്കാന്‍ തയ്യാറാവുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റെത്. ആ പദ്ധതി ഉപേക്ഷിക്കില്ലെന്നും ഉപേക്ഷിച്ചുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് ശുദ്ധകളവാണെന്നും ഗോവിന്ദന് പറഞ്ഞു.
എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ ഷോണ്‍ ജോര്‍ജിന് ബിജെപി അംഗത്വം നല്‍കിയിരിക്കുകയാണ്. അതിന് പിന്നില്‍ ആരാണെന്നത് എല്ലാവര്ക്കും ഇപ്പോള്‍ ബോധ്യമായിക്കാണും. ഈ കാര്യം കോടതിയില്‍ എത്തിക്കുമ്പോള്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ വാദങ്ങളാണെന്നത് ഇതിലൂടെ വ്യക്തമായി കാണാം. നിയമസഭയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ഇതേ ബിജെപി നിലപാടാണ്. ബിജെപിക്കാര്‍ ഇല്ലാത്തതുകൊണ്ട് നിയമസഭയില്‍ യുഡിഎഫുകാര്‍ ഒരു കുറവും വരുത്തുന്നില്ലെന്നും ഗോവിന്ദന് പറഞ്ഞു.
മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് എന്ന നിലയില്‍ ജനപ്രിയ ബജറ്റാകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ കേന്ദ്ര ബജറ്റ് പൂര്‍ണമായും നിരാശജനകമായിരുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് കൂടി ബിജെപി വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു എന്ന മാനസികാവസ്ഥയിലായിരുന്നു ബജറ്റവതരണമെന്നും അദ്ദേഹം പറഞ്ഞു.