തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച സംസ്ഥാന സമിതി റിപ്പോര്‍ട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍ തന്നെയാണ് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.ജനത്തെ അകറ്റുന്ന ശൈലികള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സമിതി കണ്ടെത്തിയതാണ്. അതൊന്നും കേന്ദ്ര കമ്മിറ്റിയുടെ മാത്രം കണ്ടെത്തലല്ല -സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ജനത്തെ അകറ്റുന്ന എല്ലാ ശൈലികളും പാര്‍ട്ടി തിരുത്തും. അതില്‍ നേതാക്കളുടെ അഹംഭാവവും വരും.എന്നാല്‍ അത് മുഖ്യമന്ത്രിയുടെ ശൈലിയാണെന്ന വ്യാഖ്യാനം വേണ്ട. മുഖ്യമന്ത്രി ആയാലും പാർട്ടി സെക്രട്ടറി ആയാലും തിരുത്തേണ്ടത് തിരുത്തുമെന്നും ഗോവിന്ദന് പറഞ്ഞു. ജനങ്ങളെ അകറ്റാൻ ഇടയാകുന്ന ശൈലി എന്താണോ അത് മാറ്റണമെന്നും മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്നല്ല കേന്ദ്ര കമ്മിറ്റി പറഞ്ഞതെന്നും പാർട്ടിയുടെ ആകെ കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും എം.വി ഗോവിന്ദൻ. മുഖ്യമന്ത്രിയായാലും പാർട്ടി സെക്രട്ടറിയായാലും പി.ബി അംഗങ്ങളായാലും തിരുത്താൻ ഉള്ളത് തിരുത്തും.
കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് ഐസക്കും പറയുന്നത്. വണ്ടിക്ക് മുന്നിൽ ചാടിയവരെ മാറ്റിയതിനെയാണ് രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു.എസ്.എഫ്.ഐയെ തകർക്കാനുള്ള നീക്കങ്ങൾ പല കോണുകളിൽ നിന്നുണ്ടാവുന്നുണ്ട്.. എസ്.എഫ്.ഐയ്ക്കെതിരെ മാധ്യമങ്ങൾ വാർത്ത നൽകുന്നത് മാത്രമല്ല, പുറത്തുനിന്നുള്ളയാളുകളും ആ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഏതെങ്കിലും കോളജിലുണ്ടാകുന്ന ഒരു പ്രശ്നത്തെ പർവതീകരിച്ച് എസ്.എഫ്.ഐയെ തകർക്കാനാണ് നീക്കം. അത് ജനം തള്ളുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
‘തെറ്റായ ഒരു പ്രവണതയേയും ന്യായീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതൊക്കെ തിരുത്തപ്പെടണം. പോരായ്മകൾ പരിഹരിച്ച് തിരുത്തിപ്പോവാൻ സാധിക്കണം. വിദ്യാർഥികൾ അധ്യാപകർക്കും അധ്യാപകർ വിദ്യാർഥികൾക്കും നേരെ നടത്തുന്ന കൈയേറ്റങ്ങൾ തെറ്റായ പ്രവണതയാണെന്ന് വ്യക്തതയോടെ അവതരിപ്പിക്കാനാവണം. ഏകപക്ഷീയമാവരുത് അത്തരം കാര്യങ്ങളോടുള്ള സമീപനം. എസ്.എഫ്.ഐയുടെ കുട്ടികൾക്ക് എന്തെങ്കിലും തെറ്റുകളും പിശകുകളുമുണ്ടെങ്കിൽ അതൊക്കെ അവർ തിരുത്തും. പരിഹരിച്ച് മുന്നോട്ടുപോവും. അവർക്ക് പകരം വയ്ക്കാൻ മറ്റൊരു പ്രസ്ഥാനമില്ല’- എം.വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, എസ്.എഫ്.ഐയ്ക്ക് പ്രാകൃത സ്വഭാവമാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തിന് പ്രത്യക്ഷത്തിൽ മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പദാനുപദമായി മറുപടി പറയാനില്ലെന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചുപോവേണ്ടതാണ്. എല്ലാ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്ത് പരിഹാരം തേടുകയാണ് വേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.