തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്ന കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിൽ ആണ് രൂക്ഷ വിമർശനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ താഴേത്തട്ടിൽ നിന്ന് പാർട്ടിക്ക് ലഭിച്ച കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയാണ്. ജനങ്ങളുടെ മനസ് മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. അതിൽ പരാജയപ്പെട്ടു. ക്ഷേത്രങ്ങളിൽ നിന്നും വിശ്വാസ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കരുത്. പാർട്ടി അംഗങ്ങൾ അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചില്ലെങ്കിലും അനുഭാവികൾ ഇടപെടണം. വിശ്വാസികളെ പാർട്ടിക്കൊപ്പം ഉറപ്പിച്ച് നിർത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാമ്പസുകളിൽ പഠനം കഴിഞ്ഞിട്ടും എസ്.എഫ്.ഐയുടെ ലേബലിൽ ഹോസ്റ്റലുകളിലും എസ്.എഫ്.ഐ ഓഫീസുകളിലും കഴിയുന്നത് അനുവദിക്കാനാവില്ല. സിദ്ധാർത്ഥ് എന്ന വിദ്യാർഥിയുടെ മരണം പോലും ഇടത് പ്രസ്ഥാനത്തിന് ദോഷമായി. എസ്.എഫ്.ഐ പോലുള്ള പ്രസ്ഥാനങ്ങൾ സാമൂഹ്യവിരുദ്ധ വാസനയുള്ള വിദ്യാർഥികളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കരുത്.
ബി. ജെ. പി മുന്നേറ്റം തിരിച്ചടിയാവും
തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ ബിജെപിയുടെ വോട്ട് ശതമാനം ഞെട്ടിക്കുന്നതാണ്. ബി.ജെ.പിയുടെ മുന്നേറ്റം ജാഗ്രതയോടെ കണ്ടില്ലെങ്കിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ വലിയ തിരിച്ചടി ഉണ്ടാവാം. ഇത് മുന്നിൽക്കണ്ടുള്ള പ്രവർത്തനമാണ് പാർട്ടി നടത്തേണ്ടത്. കേന്ദ്ര കമ്മിറ്റി മുതൽ ബ്രാഞ്ച് വരെയുള്ള ഘടകങ്ങളിൽ തിരുത്തലുകൾ അത്യന്താപേക്ഷിതമാണ്. ഇതിനുള്ള നിർദേശം വരുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനിക്കും. ഒരു നേതാവും ചെങ്കൊടിക്ക് മേലെയല്ല. അത് ബ്രാഞ്ച് സെക്രട്ടറി മുതൽ പാർട്ടി സെക്രട്ടറി വരെ ഓർമിക്കണം. പ്രാദേശിക തലത്തിൽ ജനങ്ങളുമായി ബന്ധമുള്ളവരെ പാർട്ടി അംഗങ്ങളാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും വിവിധ കാരണങ്ങളാൽ പാർട്ടി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.