തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി,എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും . അൻവറിന്റെ പരാതി പരിശോധിക്കപ്പെടേണ്ടതാണെന്നാണ് നേതൃത്വത്തിന്റെ പൊതു അഭിപ്രായം . അൻവർ പരാതി നൽകിയ കാര്യം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഇക്കാര്യത്തിൽ എന്ത് പരിശോധന വേണമെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. അൻവറിന്റെ പരാതി പാർട്ടി പരിശോധിക്കാൻ ഇരിക്കെയാണ് ഇന്നലെ പത്തനംതിട്ട മുൻ എസ്പി സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തത്.
സർക്കാരിന് ലഭിച്ച പരാതി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചാൽ തുടർനടപടികൾ എന്തെന്ന് കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടു കണ്ടാണ് അൻവർ പരാതി നൽകിയിരുന്നത്. അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയിൽ പുറത്തു ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങൾ പാർട്ടി സെക്രട്ടറിയെ ധരിപ്പിച്ചു. അതേസമയം പി.വി അൻവറിന്റെ ആരോപണങ്ങൾ സിപിഐ നിർവാഹക സമിതി ഇന്ന് ചർച്ചചെയ്യും. സംഘടനയുമായും മുന്നണിയുമായും ബന്ധപ്പെട്ട വിഷയങ്ങളും നിർവാഹക സമിതിയിൽ ചർച്ചയാകും. പാർട്ടി പത്രത്തിന്റെയും മാസികയുടെയും പ്രചാരണം , സർവ്വമത സമ്മേളനം എന്നിവയാണ് സംസ്ഥാന നിർവാഹക സമിതിയിൽ ആദ്യദിവസം ചർച്ചയ്ക്ക് വന്നത്. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച സംഘടനാ വിഷയത്തിലും പൊതു രാഷ്ട്രീയത്തിലുമുള്ള ചർച്ച രാവിലെ തുടരും. സിപിഐ സ്വീകരിക്കുന്ന നിലപാട് സിപിഎമ്മിനെ അറിയിക്കാനാണ് തീരുമാനം.