തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയമടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാവും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. എൽ.ഡി.എഫ് യോഗവും ഇന്ന് ചേരുന്നുണ്ട്.
15 സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എം മുതിർന്ന നേതാക്കളെയും ചെറുപ്പക്കാരെയും ഒരേ പോലെ പരിഗണിക്കുന്നുണ്ട്. വിജയ സാദ്ധ്യത കണക്കിലെടുത്ത് ചില സീറ്റുകളിൽ എം.എൽ.എമാരെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. എം.എൽ.എമാരും പാർട്ടി ഭാരവാഹികളും ഉൾപ്പെടെ ആരൊക്കെ മത്സരിക്കണമെന്നതിൽ നേതൃ യോഗത്തിൽ ധാരണയാവും. പ്രചാരണ തന്ത്രങ്ങളെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങളും എടുത്തേക്കും.
പാർട്ടിയെയും സർക്കാരിനെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ഫലപ്രദമായി ബ്രാഞ്ച് തലത്തിൽ മറുപടി നൽകും. സർക്കാരിന്റെ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയും വിശദീകരിക്കുന്നതിന് താഴെത്തട്ടിലുള്ള നേതാക്കളെയും പ്രധാന പ്രവർത്തകരെയും ഉൾപ്പെടുത്തി പ്രത്യേക ശിൽപശാല നടത്തും.
നവകേരള സദസ് വിജയിക്കാൻ കാരണമായെന്ന് കരുതപ്പെടുന്ന വീട്ടുമുറ്റ സദസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രാഞ്ച് തലത്തിൽ സജീവമായി സംഘടിപ്പിക്കും. പാർട്ടിയുടെ സമൂഹ മാദ്ധ്യമക്കൂട്ടായ്മകളിൽ പരമാവധി ആളുകളെ ചേർക്കാൻ ബ്രാഞ്ചുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.