അങ്ങനെ ഇപിക്കെതിരെ തല്ക്കാലം ഒരു നടപടിയും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ദല്ലാള്‍ ടിജി നന്ദകുമാറിനൊപ്പം ഇടതുമുന്നണി കണ്‍വീനറുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയ സംഭവം തെരഞ്ഞെടുപ്പ് ദിനത്തിൽ പോലും ചർച്ചയായിട്ടും ഇപി ജയരാജൻ നടപടിയൊന്നും നേരിടാതെ നിൽക്കുന്നു ! ഇപിയെ വെറുതെ വിടാൻ സിപിഎം നിര്‍ബന്ധിതമായതിന് പിന്നില്‍ ഇപിയുടെ കയ്യിലുള്ള പാര്‍ട്ടി രഹസ്യങ്ങളുടെ കലവറ തന്നെയെന്ന് വ്യക്തമാണ്.
ഒരു കാരണവശാലും താന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയില്ലന്നും പാര്‍ട്ടി അതിന് ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജയരാജന് മുന്നറിയിപ്പ് നല്‍കിയതാണ് വിവരം. ഇപി ജയരാജനെ പ്രകോപിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എത്തുകയായിരുന്നു. തല്ക്കാലം ജയരാജനെതിരെ നടപടിയൊന്നും വേണ്ടെന്ന് പിണറായി വിജയന് നിര്‍ദേശം നല്‍കിയതോടെ ആരും അനങ്ങിയില്ല. കടുത്ത വിമര്‍ശനങ്ങള്‍ ഇപി ജയരാജനെതിരെ സെക്രട്ടറിയേറ്റില്‍ ഉണ്ടായെങ്കിലും അതൊന്നും കൂസാതെ ജാവദേക്കർ കണ്ടതില്‍ ഒരു തെറ്റുമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. അതംഗീകരിക്കാതെ സംസ്ഥാന സെക്രട്ടറിയേറ്റിന് നിര്‍വ്വാഹമില്ലാതെ വരികയും ചെയ്തു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പാര്‍ട്ടിയില്‍ നിന്നും താന്‍ അങ്ങിനെ വെറുതെ ഇറങ്ങിപ്പോകില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇപി സെക്രട്ടറിയേറ്റ് യോഗത്തില്‍ നല്‍കിയത്.
ഇതോടെ വെട്ടിലായത് ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐയാണ്. ജയരാജന് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന നിലപാട് പരസ്യമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എടുത്തിരുന്നു. എന്നാല്‍ പറഞ്ഞത് വിഴുങ്ങേണ്ട അവസ്ഥയിലാണ് ബിനോയ് ഇപ്പോൾ. ഇപിയെ ഒരു കാരണവശാലും ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റില്ലെന്നാണ് ഇപ്പോള്‍ സിപിഎം എടുത്തിരിക്കുന്ന നിലപാട്. കുറച്ച് കഴിഞ്ഞ് ജയരാജന് സ്വമേധയാ സ്ഥാനമൊഴിയും. അപ്പോള്‍ വേറൊരാളെ കണ്ടെത്താമെന്നാണ് സിപിഎം തീരുമാനം. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ജയരാജന് ഉണ്ടാക്കിയ പരുക്ക് തന്നെ വലിയ കോട്ടമാണ്. ഒരു വര്‍ഷം മുമ്പ് പ്രകാശ് ജാവദേക്കറെ കണ്ടതും ബിജെപിയില്‍ ചേരാന്‍ ഇപി ജയരാജന് പലതവണ ശ്രമം നടത്തിയെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞതുമൊക്കെ കേരളത്തിന്റെ എല്ലാ രഹസ്യാന്വേഷണസംവിധാനങ്ങളും കയ്യിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് അറിഞ്ഞില്ലെന്ന് ആരും വിശ്വസിക്കില്ല. എന്നാല്‍ ഇപിയെ പിണക്കാൻ പിണറായി വിജയന് ഒരുക്കമല്ല. അതുകൊണ്ട് ഇടതുമുന്നണി കണ്‍വീനറായി അദ്ദേഹം കുറച്ചുകാലും കൂടി തുടരും.
സിപിഎം എന്ന പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ തിരിച്ചടി തന്നെയാണ് ഈ സംഭവവികാസങ്ങളെല്ലാം സൃഷ്ടിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം തന്നെ ബിജെപിയില്‍ പോകാന്‍ പലതവണ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത് ആ പാര്‍ട്ടിക്കുണ്ടാക്കുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല. കോണ്‍ഗ്രസിനെതിരെ എക്കാലവും പ്രയോഗിച്ചിരുന്ന ആയുധമാണ് നേതാക്കൾ ബിജെപിയില്‍ പോകുന്നുവെന്നത്. ഇനി അത് തങ്ങള്‍ക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രയോഗിക്കുമെന്ന് സിപിഎം ഭയക്കുന്നു. ഇത്രയും നാള് കേരളത്തിലെ മുസ്ളീം- ക്രൈസ്തവ ന്യൂനപക്ഷത്തെ സിപിഎം കക്ഷത്തിലാക്കിക്കൊണ്ടിരുന്നത് ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ്. പാര്‍ട്ടിയുടെ ഏറ്റവും മൂർച്ചയേറിയ ഈ ആയുധമാണ് യാതൊരു ആലോചനയുമില്ലാതെ ഇപി ജയരാജന് നഷ്ടപ്പെടുത്തിയതെന്ന് സിപിഎമ്മിനറിയാം. പക്ഷെ അതിന്റെ പേരിൽ പാര്‍ട്ടി തലത്തില്‍ യാതൊരു നടപടിയും അദ്ദേഹത്തിനെതിരെ എടുക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ശാസനയെങ്കിലുമുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതിന് പോലും കഴിയാത്ത നിലയിലേക്ക് സിപിഎം മാറിക്കഴിഞ്ഞുവെന്ന് വ്യക്തമാവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇപി ജയരാജന് തിരിഞ്ഞേക്കുമെന്നുള്ള ഭയമാണ് അദ്ദേഹത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിനുള്ള പ്രധാന കാരണം. ഈ അവസ്ഥയില്‍ കേരളത്തില്‍ പാര്‍ട്ടിയെന്നാല്‍ പിണറായി വിജയനാണ്. അദ്ദേഹത്തെ പ്രതിസന്ധിയിലാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും എന്ത് വിലകൊടുത്തും സിപിഎം അതു തടയും. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. ഇപിയെ പിണക്കാതെ കൊണ്ടുപോയില്ലങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ സിപിഎമ്മിന് കൃത്യമായി മനസിലായി. അത് മനസിലാക്കിക്കൊടുക്കാന്‍ ഇപിക്കും കഴിഞ്ഞു. ഏതായാലും ഇപ്പോള്‍ ജയിച്ചു നില്‍ക്കുന്നത് ഇപി ജയരാജന് തന്നെയാണ്. സിപിഎം ആണ് പാര്‍ട്ടി എന്നുള്ളത് കൊണ്ട് ആരുടെ വിജയവും എപ്പോൾ വേണമെങ്കിലും പരാജയമായി മാറാം എന്നത് കൂടി ഓര്‍ക്കണം