കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ കെ കെ ശൈലജക്കെതിരെയുണ്ടായ കാഫിര്‍ സ്ക്രീന്‍ ഷോട്ടു പ്രചാരണത്തില്‍ കോണ്‍ഗ്രസിനും മുസ്ളീം ലീഗിനും പങ്കില്ലന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെ സിപിഎം വലിയൊരു വെട്ടില്‍ വീണിരിക്കുകയാണ്. ഇതോടെ ആരാണ് ഇതുചെയ്തതെന്ന് കണ്ടുപിടിക്കേണ്ട ബാധ്യത സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമലിലായിരിക്കുകയാണ്. ആരാണെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടിയുടെ സമുന്നത നേതാക്കളുടെ മക്കളടക്കം ഈ കേസില്‍ പ്രതിയാകുമോ എന്ന ഭയവും സിപിഎമ്മിനെ കുഴക്കുന്നുണ്ട്.
കാഫിര്‍ ( അവിശ്വാസി) ആയ ശൈലജക്ക് പകരം അഞ്ചുനേരം നിസ്കരിക്കുന്ന ഇസ്ളാം മത വിശ്വാസിയായ ഷാഫി പറമ്പിലിന് വോട്ടുചെയ്യണമെന്നരീതിയിലുള്ള സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി തെരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തില്‍ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസും മുസ്ളീം ലീഗുമാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിക്കുകയും പികെ മുഹമ്മദ് കാസിം എന്ന ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ ഇതിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് സിപിഎം അക്ഷരാര്‍ത്ഥത്തില്‍ പുലിവാല് പിടിച്ചത്. ഇതോടെ പാര്‍ട്ടിയുടെ സൈബര്‍ വിംഗിന്റെ പ്രവര്‍ത്തനത്തിനെതിരെ സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
വടകരയില്‍ കെകെ ശൈലജയെ പ്രതിരോധത്തിലാക്കാന്‍ പാര്‍ട്ടി സൈബര്‍ വിംഗിലുള്ള ചിലര്‍ ശ്രമിച്ചുവെന്ന് സിപിഎം നേതാക്കള്‍ക്ക് തന്നെ അഭിപ്രായമുണ്ട്. വടകരയില്‍ ശൈലജ വിജയിക്കരുതെന്ന് ചിലര്‍ ആഗ്രഹിച്ചിരുന്നുവെന്ന് സിപിഎം നേതൃത്വത്തിലെ ചില നേതാക്കള്‍ പറയുന്നുണ്ട്. പ്രത്യേകിച്ചും കോഴിക്കോട് ജില്ലയില്‍ തന്നെയുള്ള നേതാക്കള്‍. ഷാഫി പറമ്പിലിന് അനുകൂലമായി മുസ്ളീം വോട്ടുകളുടെ കേന്ദ്രീകരണം നടക്കുന്നുവെന്ന സൂചന ലഭിച്ചയുടനെ തന്നെ അതിനെ പ്രതിരോധിക്കാന്‍ സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ മെനെഞ്ഞെടുത്തതാണ് അശ്ളീല ക്ളിപ്പിംഗും അതോടൊപ്പം കാഫിര്‍ സ്ക്രീന്ഷോട്ടുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരം
എന്നാല്‍ ഇതു രണ്ടും പാളിപ്പോയതോടെ എന്ത് ചെയ്യണമെന്ന് യാതൊരു തിട്ടവുമില്ലാതെയിരിക്കുകയാണ് സിപിഎം സൈബര്‍ വിഭാഗം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് പോരാളി ഷാജി, ചെമ്പട തുടങ്ങിയ സിപിഎം പ്രൊഫൈലുകള്‍ക്ക് നേരെ ആഞ്ഞടിച്ചെങ്കിലും ശരിക്കും അദ്ദേഹം ടാര്‍ജറ്റ് ചെയ്തത് സിപിഎമ്മില്‍ സൈബര്‍ വിഭാഗത്തെ നയിക്കുന്ന നേതാക്കളെ തന്നെയായിരുന്നു. ഉന്നത സിപിഎം നേതാക്കള്‍ക്കടക്കം സിപിഎമ്മിലെ സൈബര്വിംഗിനോട് വലിയ എതിര്‍പ്പുണ്ട്. പലപ്പോഴും ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കുന്നത് പാര്‍ട്ടിയുടെ സൈബര്‍ സംഘങ്ങളാണ് എന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. പാര്‍ട്ടി നേതൃത്വവുമായി ഒരു ബന്ധവുമില്ലാത്ത ചില ആളുകളുടെ കയ്യിലാണ് സിപിഎം സൈബര്‍ വിംഗിന്റെ നിയന്ത്രണമെന്നും അതുകൊണ്ട് പാര്‍ട്ടി ആശയങ്ങളുമായി ഒത്തുപോകാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.
കെകെശൈലജയുടെ കാര്യത്തില്‍ സംഭവിച്ചതും അതാണ്. സൈബര്‍ വിംഗിന്റെ താളത്തിനൊത്ത് പ്രമുഖ നേതാക്കള്‍ തുള്ളിയത് കൊണ്ടാണ് വടകരയില്‍ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായതെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ പറയുന്നു. കെകെ ശൈലജയെപ്പോലെ മുന്മന്ത്രികൂടിയായ സിപിഎം കേന്ദ്രകമ്മിറ്റിയംഗത്തെക്കൊണ്ട് പാര്‍ട്ടിയിലെ ചിലര്‍ വിഡ്ഡിവേഷം കെട്ടിക്കുകയായിരുന്നുവെന്നും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. തന്റെ അശ്ളീലക്ളിപ്പിംഗ് താന്‍ കണ്ടില്ലന്നും ഉണ്ടെന്ന് പറഞ്ഞുള്ള അറിവ് മാത്രമേയുള്ളവെന്നും കെകെ ശൈലജ പറഞ്ഞപ്പോള്‍ അങ്ങിനെയല്ല അശ്ളീല ക്ളിപ്പിംഗ് ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ഇത് ഒട്ടും അവധാനതയില്ലാത്ത നടപടിയായിപ്പോയെന്നാണ് ചില നേതാക്കള്‍ പറയുന്നത്.
സിപിഎം സൈബര്‍ സംഘങ്ങള്‍ക്കെതിരെ ഇതിന് മുമ്പും പലതവണ സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും യാതൊരു ചലനവും പാര്‍ട്ടിയില്‍ ഉണ്ടാക്കിയില്ല. അത്ര ശക്തരായ നേതാക്കളുടെ അനുഗ്രഹാശിസുകളോടെയാണ് ഈ സൈബര്‍ സേന പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയടക്കുള്ള നേതാക്കള്‍ സൈബര്‍ സഖാക്കള്‍ക്കെതിരെ തിരിഞ്ഞതോടെ കളി മാറിയിരിക്കുകയാണ്. ഇനി സിപിഎം നേതൃത്വത്തിന് പരോക്ഷമായെങ്കിലും ഇവരെ തള്ളിപ്പറയേണ്ടിവരും. കെകെ രമയുള്പ്പെടെയുള്ളവർക്ക് നേരെ വലിയ തോതില്‍ സിപിഎം സൈബര്‍ സേനകള്‍ വ്യക്തി അധിക്ഷേപം ചൊരിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ കാര്യങ്ങള്‍ തങ്ങളുടെ കയ്യില്‍ നിന്നും വിട്ടുപോകുന്നുവെന്ന് മനസിലായപ്പോള്‍ തടയിടാന്‍ ഇറങ്ങിയിരിക്കുകയാണ്