കൊല്ലം : മൂന്നു പതിറ്റാണ്ട് ശേഷം കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. 25,000 ത്തോളം പേർ പങ്കെടുത്ത റെഡ് വളണ്ടിയർ മാർച്ചാണ് സിപിഐഎം സംഘടിപ്പിച്ചത്. പതിനായിരക്കണക്കിന് ജനങ്ങൾ സമാപന സമ്മേളനത്തിന്റെ ഭാഗമായി. പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ചാണ് സംസാരിച്ചത്.
സിപിഐഎമ്മിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് കൊല്ലം. നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം തേടുന്ന ജില്ലകളിൽ ഒന്ന്. 30 വർഷത്തിനുശേഷം ജില്ലയിലേക്ക് സംസ്ഥാന സമ്മേളനം വരുമ്പോൾ പാർട്ടിയും അണികളും ആവേശത്തിൽ ഒട്ടും കുറവ് വരുത്തിയില്ല. ആ സമ്മേളനത്തിന്റെ ഭാഗമാകാൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ മൈതാനങ്ങളിൽ ഒന്നായ ആശ്രാമത്തേക്ക് പ്രവർത്തകരും അണികളും ഒഴുകിയെത്തി.
ആദ്യം 18 പ്ലാറ്റൂണുകളിലായി 25000 ത്തോളം റെഡ് വളണ്ടിയർമാർ വേദിക്ക് മുന്നിൽ അണിനിരന്നു. പിന്നാലെ തുറന്ന ജീപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം,വി ഗോവിന്ദൻ എന്നിവർ സമ്മേളന നഗരിയിലേക്ക്. അകമ്പടിയായി എണ്ണിയാൽ ഒടുങ്ങാത്ത ചെങ്കൊടികളും കലാരൂപങ്ങളും.പാർട്ടിയിലെ ഐക്യം ഉന്നതിയിൽ എത്തി നിൽക്കുന്ന സമയം എന്ന് പറഞ്ഞു ഉദ്ഘാടന പ്രസംഗം തുടങ്ങിയ പ്രകാശ് കാരാട്ട് കോൺഗ്രസിനെയും ബിജെപിയെയും കണക്കറ്റ് വിമർശിച്ചു.
പാർട്ടിയുടെ വളർച്ച ചർച്ച ചെയ്ത സമ്മേളനം ജനപിന്തുണ വളർത്താനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു.കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ കാതൽ. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം പാർട്ടിക്ക് പുതിയ ഊർജ്ജം നൽകിയെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.