തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും മാനന്തവാടി എംഎല്‍എയുമായ ഒ.ആര്.കേളു മന്ത്രിയാകും. പട്ടികജാതി ക്ഷേമ വകുപ്പാണ് കേളുവിന് ലഭിക്കുക. എംപിയായതിനെ തുടര്‍ന്ന് കെ.രാധാകൃഷ്ണന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് കേളു മന്ത്രിസഭയിലെത്തുക. സിപിഎം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് സഹകരണമന്ത്രി വി.എൻ. വാസവന് നൽകി. മന്ത്രി എം.ബി. രാജേഷിനാണ് പാർലമെന്ററി വകുപ്പ്.
സിപിഎം സംസ്ഥാന സമിതി അംഗം, മുതിര്‍ന്ന നേതാവ് എന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് കേളുവിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. വയനാട് ജില്ലക്ക് പ്രതിനിധ്യമില്ല എന്ന പരാതിക്കും ഇതോടെ പരിഹാരമാവും. 54കാരനായ ഒ.ആർ. കേളു വയനാട് കാട്ടിക്കുളം മുള്ളങ്കൊല്ലി സ്വദേശിയാണ്. തുടർച്ചയായ രണ്ടാംതവണയാണ് മാനന്തവാടിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
2016ൽ യു.ഡി.എഫ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ 1307 വോട്ടിന് പരാജയപ്പെടുത്തിയാണ് ഒ.ആർ. കേളു നിയമസഭയിലെത്തിയത്. 2021ൽ 9282 വോട്ടിന് ജയലക്ഷ്മിയെ തന്നെ പരാജയപ്പെടുത്തി.പട്ടികജാതി പട്ടികവർഗ ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളായിരുന്നു നേരത്തെ കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്.