വയനാട് : വയനാട് പുനരധിവാസത്തിന് തുരങ്കംവെക്കും വിധത്തിലാണ് പ്രതിപക്ഷത്തിന്റേയും, ബി.ജെ.പിയുടേയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിലുണ്ടായത്. നൂറുകണക്കിന് മനുഷ്യരുടെ ജീവനും, സ്വത്തുവകകളുമാണ് അപകടത്തില്‍ നഷ്ടമായത്. വയനാടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ മാതൃകാപരവും, പ്രശംസനീയവുമായ നിലയിലാണ് സംഘടിപ്പിച്ചത്. വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാന്‍ കഴിയുന്ന തുക ഇനം തിരിച്ച് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
വയനാടിന്റെ പുനരധിവാസത്തിന് വിശദമായ നിവേദനം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത്രമൊരു നിവേദനം നിവേദനം തയ്യാറാക്കിയത്. കഴിഞ്ഞകാലങ്ങളിലുണ്ടായ ദുരന്ത സന്ദര്‍ഭങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ അതേമാതൃകയാണ് ഇപ്പോഴും പിന്തുടര്ന്നത്.
1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിര്‍ദ്ദേശമാണ് കേരളം കേന്ദ്ര സര്‍ക്കാരിന് നല്കിയ നിവേദനത്തിലുള്‍പ്പെടുത്തിയത്. ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം മറച്ചുവെച്ചാണ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത്. കേരളത്തോടൊപ്പം പ്രകൃതി ദുരന്തത്തിലകപ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം അനുവദിച്ചപ്പോഴും കേരളത്തെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന് നല്കിയ നിവേദനത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ ചെലവഴിച്ച പണമെന്ന നിലയിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബി.ജെ.പിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സെപ്തംബര്‍ 24-ന് ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.