കണ്ണൂര്‍: സിപിഎമ്മുമായി ഇടഞ്ഞു നില്ക്കുന്ന മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പരോക്ഷ വിമര്‍ശനവുമായി പിബി അംഗം എ വിജയരാഘവന്. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ചിലര്‍ കരുതുന്നത് എന്ന് എ വിജയരാഘവന് പറഞ്ഞു. ഇപി ജയരാജന് വിട്ടു നിന്ന ചടയന്‍ ഗോവിന്ദന് അനുസ്മരണ പരിപാടിയിലായിരുന്നു വിജയരാഘവന്റെ ഒളിയമ്പ്.
‘കമ്യൂണിസ്റ്റ് പാര്‍ട്ടിയിലായാലും ചിലര്‍ക്കൊക്കെ തെറ്റായ ധാരണകളുണ്ടാകും. ഞാന്‍ കുറേ ചെയ്തു പാര്‍ട്ടിക്കുവേണ്ടി, എനിക്കൊന്നും ഈ പാര്‍ട്ടി തിരിച്ചൊന്നും ചെയ്തില്ല എന്നു ചിന്തിക്കുന്ന ചില ആളുകളെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ടാകും. പക്ഷെ നമുക്ക് അറിയാം, സിപിഎമ്മിനെ ഒറ്റതിരിഞ്ഞ് കടന്നാക്രമിച്ച് ഇല്ലാതാക്കാന്‍ നമ്മുടെ രാജ്യത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധന്മാര് വലിയ തോതില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്ദര്‍ഭമാണിത്’. എ വിജയരാഘവന് പറഞ്ഞു. കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന് അനുസ്മരണ പരിപാടിയില്‍ നിന്നാണ് ഇപി ജയരാജന് വിട്ടുനിന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ ഇപി ജയരാജനും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്ന ഇപി ജയരാജന് ചടയന്‍ അനുസ്മരണ പരിപാടിയിലും വിട്ടു നില്‍ക്കുകയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎം പരിപാടികളില്‍ നിന്നും ഇപി ജയരാജന് അകലം പാലിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി നിയമിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇപി ജയരാജന് നേരത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു.